ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത സ്യൂട്ട് ഹര്‍ജിയ്ക്ക് ഒപ്പം നല്‍കിയ രേഖകളിലെ പിഴവ് നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി രെജിസ്ടറി നോട്ടീസ് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് സ്യൂട്ടിന്റെ തുടര്‍ നടപടികള്‍ക്ക് ആയുള്ള പ്രോസസ്സിംഗ് ഫീസ് കോടതിയില്‍ അടച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സ്യൂട്ടിന് ഒപ്പം സര്‍ക്കാര്‍ നല്‍കിയ രണ്ട് രേഖകളിലെ പിഴവുകള്‍ നീക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സിലിന് സുപ്രീം കോടതി നോട്ടീസ് നല്‍കിയത്.

നോട്ടീസ് അയച്ച കാര്യം സുപ്രീം കോടതി വെബ്‌സൈറ്റില്‍ രേഖപെടുത്തിയിട്ടുണ്ട്. എന്നാല്‍ നോട്ടീസ് ലഭിച്ചിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയത്. രെജിസ്ടറി ആവശ്യപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ കൈമാറിയതിന് ശേഷം സ്യൂട്ട് കോടതിയില്‍ ലിസ്റ്റ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സ്യൂട്ടിന്റെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി രെജിസ്ടറി കൈമാറി. കേന്ദ്ര സര്‍ക്കാരിന് കൈമാറാനുള്ള സ്യൂട്ടിന്റെ പകര്‍പ്പും സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് കൈമാറിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്യൂട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

Content Highlights: Supreme Court has issued notice to the state government on the suit Plea