സുപ്രീംകോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ന്യൂഡൽഹി: എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ വൈകിയ കേരളസർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. സർക്കാരിന്റെ കണക്കുപുസ്തകത്തിൽ അല്ല, ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാരത്തുക എത്തേണ്ടതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഒരു സർക്കാരിനും ഇരകളെ അവഗണിക്കാൻ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇരകൾക്ക് നൽകുന്ന ചികിത്സാസഹായം ഉൾപ്പടെയുള്ള കാര്യത്തിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യാൻ ചീഫ് സെക്രട്ടറി വി. പി. ജോയിയോട് സുപ്രീം കോടതി നിർദേശിച്ചു.
2017 ജനുവരിയിലാണ് എൻഡോസൾഫാൻ ഇരകൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഉത്തരവിറങ്ങി അഞ്ച് വർഷം കഴിഞ്ഞിട്ടും സർക്കാർ എല്ലാവർക്കും നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിനെ ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവർ അടങ്ങിയ ബെഞ്ച് വിമർശിച്ചു. എത്ര ഇരകൾ ഇതിനിടയിൽ മരിച്ചിരിക്കാം എന്ന് കോടതി ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് ആരാഞ്ഞു.
ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 200 കോടി രൂപ ധനകാര്യവകുപ്പ് അനുവദിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ സർക്കാരിന്റെ കണക്കുപുസ്തകത്തിൽ അല്ല, മറിച്ച് ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാരം എത്തേണ്ടത് എന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ ഹർജി നൽകിയ എട്ട് പേർക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നൽകിയതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 3417 പേർക്കാണ് നഷ്ടപരിഹാരത്തിന് അർഹത ഉള്ളതെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു.
കോടതിയലക്ഷ്യ ഹർജിയിൽ നോട്ടീസ് ലഭിച്ച ശേഷം ഇക്കഴിഞ്ഞ മാർച്ചിൽ മാത്രമാണ് നഷ്ടപരിഹാരത്തിന് പണം അനുവദിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി. കാൻസർ രോഗികൾ ഉൾപ്പടെയുള്ള ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കാനായി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുന്നത് ദുഃഖകരമാണ്. ഈ അവസ്ഥ എന്തിന് സൃഷ്ടിക്കുന്നുവെന്ന് ജസ്റ്റിസ് സൂര്യകാന്ത് ആരാഞ്ഞു.
നിലവിൽ പാലിയേറ്റിവ് ചികിത്സക്കായി തിരുവനന്തപുരം വരെ യാത്ര ചെയ്യേണ്ട അവസ്ഥ ആണെന്ന് ഇരകൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി. എൻ. രവീന്ദ്രനും അഭിഭാഷകൻ പി. എസ്. സുധീറും വാദിച്ചു. കാസര്‍കോട്ട് ടാറ്റ ആരംഭിച്ച ആശുപത്രി അടച്ചുപൂട്ടാൻ പോകുകയാണെന്നും ഇരകളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. അടച്ചുപൂട്ടുകയാണെങ്കിൽ സർക്കാരിന് ആശുപത്രി ഏറ്റെടുത്ത് എൻഡോസൾഫാൻ ഇരകൾക്കുള്ള ചികിത്സ നൽകിക്കൂടേയെന്ന് കോടതി ആരാഞ്ഞു.
ചീഫ് സെക്രട്ടറിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ച എട്ട് ഇരകൾക്ക് കോടതി ചെലവുകൾക്കായി അര ലക്ഷം രൂപ വീതം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. 2017 ലെ ഉത്തരവ് നടപ്പാക്കുന്നു എന്ന് ചീഫ് സെക്രട്ടറി ഉറപ്പുവരുത്തണം. ഇതിനായി എല്ലാ മാസവും അവലോകനയോഗം വിളിച്ചു ചേർക്കണം. ചീഫ് സെക്രട്ടറിക്ക് എതിരായ കോടതിയലക്ഷ്യ ഹർജി ജൂലായ് മൂന്നാം വാരം പരിഗണിക്കാനായി മാറ്റി. അതിന് മുമ്പ് ചീഫ് സെക്രട്ടറി പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
Content Highlights: Supreme Court, Kerala Govt, endosulfam victims compensation case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..