ന്യൂഡല്‍ഹി: ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുക്കാനുള്ള അധികാരം ചോദ്യം ചെയ്ത് സ്വകാര്യ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജികളിലെ വിധി പ്രസ്താവം ഉടന്‍ അപ്‌ലോഡ്‌ ചെയ്യാന്‍ സുപ്രീം കോടതി കേരള ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. കഴിവതും രണ്ട് ആഴ്ചയ്ക്കുള്ളില്‍ വിധി പ്രസ്താവം അപ്‌ലോഡ്‌ ചെയ്യാനാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശം നല്‍കിയത്. 

പരിസ്ഥിതി ലോല പ്രദേശങ്ങളിലും ജനവാസകേന്ദ്രങ്ങളിലും നിന്ന് 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂയെന്ന ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ ചില ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ക്വാറി ഉടമകളില്‍ ചിലര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ടെന്ന് സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണ്‍ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജികളില്‍ മാര്‍ച്ച് മാസം വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയതാണെങ്കിലും ഇതുവരെയും വിധി പ്രസ്താവം അപ്‌ലോഡ്‌ ചെയ്തിട്ടില്ലെന്ന് ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗിയും വി.ഗിരിയും അഭിഭാഷകനായ എം.ആര്‍ അഭിലാഷും ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് വിധി ഉടന്‍ അപ്‌ലോഡ്‌ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. 

ഡിവിഷന്‍ ബെഞ്ചിന്റെ വിധി കൂടി ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാര്‍ക്ക് നാല് ആഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ച ക്വാറി ഉടമകള്‍ക്കാണ് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. 

പരിസ്ഥിതി ലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിന്ന് 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂ  എന്നായിരുന്നു സ്വമേധയാ എടുത്ത കേസില്‍ ദേശിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നത്. ഇതിന് എതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു.  

കേസ് ഹരിത ട്രിബ്യൂണല്‍ വീണ്ടും പരിഗണിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് ദേശിയ ഹരിത ട്രിബ്യൂണല്‍ എടുക്കുന്ന ഏതൊരു നടപടിയും തങ്ങള്‍ പുറപ്പെടുവിക്കുന്ന ഉത്തരവിന് വിധേയമായിരിക്കുമെന്ന് സുപ്രീം കോടതി  നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ ചട്ട പ്രകാരം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പടെ അമ്പത് മീറ്റര്‍ മാറി പാറ പൊട്ടിക്കാം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

Content Highlights: supreme court, green tribunal, kerala high court