തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയ്ക്ക് എതിരായ ഹർജി സുപ്രീം കോടതി തീർപ്പാക്കി


ബി. ബാലഗോപാൽ | മാതൃഭൂമി ന്യൂസ്

സുപ്രീം കോടതി| Photo: ANI

ന്യൂഡൽഹി: കേരളത്തില്‍ 2019-ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജി അപ്രസക്തമായെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ഹർജി സുപ്രീം കോടതി തീർപ്പാക്കി. ഹർജിയിലെ നിയമപരമായ വിഷയങ്ങൾ കോടതിയുടെ പരിഗണനയിൽ നിർത്തണമെന്ന കമ്മിഷന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന ഹൈക്കോടതി വിധി 2020 മാർച്ചിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. അക്കാലത്ത് ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയും കേസിലെ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തത്. സുപ്രീം കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2015-ലെ വാർഡ് അടിസ്ഥാനമാക്കിയുള്ള പട്ടിക അനുസരിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.



തിരഞ്ഞെടുപ്പ് നടന്നതിനാൽ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ഹർജികൾ അപ്രസക്തമായെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഹൈക്കോടതി വിധി ഭാവിയിലും ഉണ്ടാകുന്ന കേസുകളിലും ഉയർന്നു വന്നേക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ. പരമേശ്വർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ നിയമപരമായ വിഷയങ്ങൾ കോടതി പരിഗണിക്കണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രം നാഥ്‌ എന്നിവർ അടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല.

ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. 2015-ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലും 2019 ലേത് ബൂത്ത് അടിസ്ഥാനത്തിൽ ഉള്ളതുമായിരുന്നു. 25,000 ത്തോളം ബൂത്തുകള്‍ ആണ് കേരളത്തിലുള്ളത്. ഹൈക്കോടതി വിധി നടപ്പാക്കണമെങ്കിൽ ഈ ബൂത്തുകളിലെ വീടുകളിലെത്തി വീട്ടുനമ്പര്‍ അടക്കം പരിശോധിക്കണം. 25,000 ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വേണം ഫീൽഡ് വെരിഫിക്കേഷൻ നടത്താൻ. അതിന് ശേഷം വോട്ടർപട്ടിക വാര്‍ഡ് അടിസ്ഥാനത്തിലേക്ക് മാറ്റേണ്ടി വരും. അതിനാൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്നായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി അഭിഭാഷകൻ കെ.പരമേശ്വർ ഹാജരായി. എതിർകക്ഷികളായ കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി എം.ആർ. രമേശ് ബാബുവും മുസ്ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരിക്ക് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാനും ഹാജരായി. മറ്റ് എതിർകക്ഷികൾക്ക് വേണ്ടി അഭിഭാഷകൻ സുവിദത്ത് എം.എസ്. ആണ് ഹാജരായത്.

Content Highlights: Supreme Court Ends Petition Against LSG Election Voters List


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented