സുപ്രീം കോടതി | Photo: PTI
ന്യൂഡൽഹി: അരിക്കൊമ്പൻ മിഷനിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. വിദഗ്ധ സമിതിയുടെ ശുപാർശയിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് കേരളത്തിന്റെ അപ്പീൽ സുപ്രീം കോടതി തള്ളിയത്.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അരിക്കൊമ്പൻ വിഷയത്തിലെ ഹർജി അടിയന്തിരമായി പരിഗണിച്ചത്. അരിക്കൊമ്പൻ ഉപദ്രവകാരിയായ ആനയാണെന്നും അതിനാൽ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടയ്ക്കാൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാറിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിച്ചു.
അരിയ്ക്കുവേണ്ടി പരക്കം പായുന്ന അക്രമകാരിയായ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. എന്നാൽ പറമ്പിക്കുളത്തേക്ക് ആനയെ മാറ്റാൻ ഉള്ള തീരുമാനം വിദഗ്ധ സമിതിയുടേതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൂടിയടങ്ങുന്ന വിദഗ്ധ സമിതിയാണ് ഈ ശുപാർശ നൽകിയതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി സുപ്രീം കോടതി തള്ളിയത്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ ഇതോടെ സർക്കാറിന് ബാധ്യതയായി. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി ഉണ്ടായേക്കും.
അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ടുള്ള മറ്റൊരു ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നിട്ടുണ്ട്. ആ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം നാളെ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഒരിക്കൽ സ്വീകരിച്ച നിലപാടിൽ സാധാരണ കോടതി മാറ്റം വരുത്തരില്ലെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Content Highlights: Supreme Court dismissed the petition filed by the government on arikomban issue


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..