Election Commission of India | Photo: PTI
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണ്ണായക ഇടപെടല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കുന്നതിന് നിഷ്പക്ഷ സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടാല്‍ പോരെന്നും യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാരിനുള്ള ഏകപക്ഷീയമായ അധികാരം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂട്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ണ്ണായക വിധി.
തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ തിരഞ്ഞെടുപ്പിലും നിയമനത്തിലും സുതാര്യത ഉറപ്പുവരുത്താന്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കണമെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഈ നിയമം പാസാക്കുന്നതുവരെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ തിരഞ്ഞെടുപ്പിനായി കോടതി നിക്ഷ്പക്ഷ സമിതിക്ക് രൂപംനല്‍കി. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. പ്രതിപക്ഷ നേതാവ് ഇല്ലെങ്കില്‍ ഏറ്റവുമധികം അംഗങ്ങളുളള പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവാകും സമിതിയിലെ അംഗം.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടാല്‍ പോര, യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായിരിക്കണം. ഒരു സര്‍ക്കാരും നിക്ഷ്പക്ഷമായ രീതിയില്‍ കമ്മീഷണര്‍മാരെ നിയമിക്കുന്നതിന് നിയമം കൊണ്ടുവന്നിട്ടില്ല. അതിനാലാണ് കോടതിയുടെ ഇടപെടലെന്നും ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
കമ്മീഷന്റെ പ്രവര്‍ത്തനത്തിനുള്ള പണം കൈമാറുന്നതിനുള്ള സംവിധാനത്തില്‍ മാറ്റംവരുത്താന്‍ കോടതി നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക ഫണ്ട് മാറ്റിവെക്കാനും സെക്രട്ടറിയേറ്റ് രൂപീകരിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
Content Highlights: Supreme Court Directs Appointment Of Election Commissioners On Advise Of a Committee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..