ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 11 വരെ 139.50 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കേര്‍വ് പ്രകാരം നവംബര്‍ 10 വരെ 139.50 അടിയാണ് പരമാവധി ജലനിരപ്പ്. ഇത് നിലനിര്‍ത്താനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. 138 അടിയായി ജലനിരപ്പ് നിജപ്പെടുത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. 

അതേസമയം കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കേര്‍വിനെ സംബന്ധിച്ച് തങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് കേരളത്തിനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയില്‍ ചൂണ്ടിക്കാണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റൂള്‍ കേര്‍വിനെതിരായ സംസ്ഥാനത്തിന്റെ വാദം വിശദമായി കേള്‍ക്കാനും കോടതി തീരുമാനിച്ചു. നവംബര്‍ 11ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ഇതുവരെയുള്ള താത്കാലിക ക്രമീകരണം എന്ന നിലയിലാണ് ജലനിരപ്പ് 139.50 അടിയായി നിലനിര്‍ത്താന്‍ നിര്‍ദേശിച്ചത്. 

മേല്‍നോട്ട സമിതി നിശ്ചയിച്ച റൂള്‍ കേര്‍വ് തമിഴ്‌നാടിന്റെ താത്പര്യത്തിന് അനുസരിച്ചാണ് തയ്യാറാക്കിയതെന്നായിരുന്നു കേരളത്തിന്റെ പ്രധാന വാദം. കേരളത്തില്‍ വടക്കുകിഴക്കന്‍ കാലവര്‍ഷം ശക്തമാണ്. അതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇത് ഡാമിന്റെ ബലക്ഷയത്തിന് കാരണമാകുമെന്നും കേരളം വാദിച്ചു. അണക്കെട്ടിലെ സ്ഥിതിഗതി ഓരോ മണിക്കൂറിലും നിരീക്ഷിക്കണമെന്നും മേല്‍നോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടു. അണക്കെട്ടിലെ സ്ഥിതി ഓരോ ദിവസം കഴിയുമ്പോഴും മാറിവരുന്നുവെന്ന് കേരള സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 

നാല് പേജില്‍ എഴുതി നല്‍കിയ വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്നു കോടതിയില്‍ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം നവംബര്‍ ഏഴിനകം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

content highlights: supreme court directed that the water level maintained at 139.50 feet till November 11