ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് ആരംഭിച്ച നടപടികള്‍ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അതേസമയം തിരെഞ്ഞെടുപ്പ് സുപ്രീംകോടതിയുടെ മുന്‍വിധിക്ക് എതിരാണെങ്കില്‍ കോടതിഅലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പിന് എതിരെ നല്‍കിയ അപേക്ഷ മറ്റ് കോടതി അലക്ഷ്യ ഹര്‍ജികള്‍ക്ക് ഒപ്പം എട്ട് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി കോടതി മാറ്റി. 

1934 ലെ സഭ ഭരണഘടന പ്രകാരമാണ് മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ കാതോലിക്കമാരെയും മെത്രാപോലീത്തമാരെയും തെരഞ്ഞെടുക്കേണ്ടത് എന്ന് സുപ്രീംകോടതി 2017 ല്‍ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഇന്ത്യക്ക് പുറത്തുള്ള ഓര്‍ത്തോഡോക്‌സ് പള്ളികള്‍ക്കും, ഇന്ത്യക്കാര്‍ അല്ലാത്തവര്‍ക്കും മലങ്കര അസോസിയേഷനില്‍ അംഗത്വം പാടില്ല എന്ന് 2017 ലെ വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതായും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു . അതിനാല്‍ പരമാധ്യക്ഷ തിരെഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇടക്കാല ഉത്തരവ് ഇറക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. 2017 ലെ വിധിക്ക് എതിരായ കാര്യങ്ങള്‍ തിരെഞ്ഞടുപ്പില്‍ നടക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.  ഇതുവരെയുള്ള വിധികളില്‍ ഒന്നും പരമാധ്യക്ഷ തിരെഞ്ഞെടുപ്പില്‍ വിദേശത്ത് ഉള്ളവര്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പെടുത്തിയിട്ടില്ല എന്ന് ഓര്‍ത്തോഡോക്‌സ് സഭയുടെ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി. പരമാധ്യക്ഷ തിരഞ്ഞെടുപ്പിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചവര്‍ 1934 ലെ സഭ ഭരണഘടന അംഗീകരിക്കാത്തവര്‍ ആണെന്നും ഓര്‍ത്തോഡോക്‌സ് സഭയുടെ അഭിഭാഷകര്‍ വാദിച്ചു.

കോടതി അലക്ഷ്യ കേസില്‍ മറ്റ് അപേക്ഷകള്‍ക്ക് പ്രസക്തിയില്ല എന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. മധ്യസ്ഥ ചര്‍ച്ചകളിലൂടെ സഭ കേസ് പരിഹരിക്കാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് മണര്‍കാട് പള്ളിക്കാര്‍ നല്‍കിയ കക്ഷി ചേരല്‍ അപേക്ഷ ഉള്‍പ്പടെയുള്ളവ സുപ്രീംകോടതി തള്ളി. 

രാജ്യത്തെ ആരാധനാലയങ്ങളില്‍ എന്താണ് നടക്കുന്നത്? സുപ്രീം കോടതി 

രാജ്യത്തെ പള്ളികള്‍, മസ്ജിദുകള്‍, അമ്പലങ്ങളില്‍ എന്നിവടങ്ങില്‍ എന്താണ് നടക്കുന്നത് എന്ന് മലങ്കര സഭാ തര്‍ക്കവും ആയി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ആരാഞ്ഞു. ആരാധന നടത്തേണ്ട സ്ഥലങ്ങളില്‍ അധികാരം പിടിക്കുന്നതിനായി വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നിയമവ്യവഹാരങ്ങള്‍ നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. പരമാധ്യക്ഷ തിരഞ്ഞെടുപ്പിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചവര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് പരേഖ്, അഭിഭാഷകന്‍ സനന്ദ് രാമകൃഷ്ണന്‍ എന്നിവര്‍ ഹാജരായി. 

ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സി.യു സിങ്, അഭിഭാഷകരായ ഇ.എം.എസ് അനാം, പി.എസ് സുധീര്‍ എന്നിവരാണ് ഹാജരായത്. ഓര്‍ത്തോഡോക്‌സ് സഭ നല്‍കിയ കോടതി അലക്ഷ്യ കേസില്‍ യാക്കോബായ സഭയ്ക്ക് വേണ്ടി അഭിഭാഷകന്‍ അഡോള്‍ഫ് മാത്യുവും, വിവിധ കക്ഷി ചേരല്‍ അപേക്ഷകര്‍ക്ക് വേണ്ടി പി.കെ മനോഹര്‍, പി.കെ ബിജു എന്നിവര്‍ ഹാജരായി.

content Highlights:  supreme court denies to stay orthodox chief election process