ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ നേരിട്ട് ജയിലിലേക്ക് അയയ്ക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. 

കേരളാ ഹൈക്കോടതി തനിക്കെതിരേ ആരംഭിച്ച കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.

കോടതിയലക്ഷ്യ നടപടിക്ക് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ അനുസരിച്ച് ഒരു പ്രക്രിയയുണ്ട്. ഇതനുസരിച്ച് ഒരാളെ പെട്ടെന്നൊന്നും ജയിയിലേക്ക് അയയ്ക്കാന്‍ സാധിക്കില്ല. ശരിയായ നടപടി ക്രമങ്ങള്‍ അനുസരിച്ച് കേസ് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

വ്യാഴാഴ്ച മുതല്‍ കോടതി അവധിയായതിനാല്‍ ഇന്ന് തന്നെ കോടതിയലക്ഷ്യ നടപടിയില്‍ സ്റ്റേ നേടാനാണ് അദ്ദേഹം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നായിരുന്നു അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടത്.

വിസില്‍ ബ്ലോവേഴ്‌സ് ആക്ട് 2011ന്റെ അനുസരിച്ചാണ് താന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്. ഇതില്‍ ജഡ്ജിമാര്‍ ഉള്‍പ്പെടില്ല. അതുകൊണ്ടു തന്നെ ജസ്റ്റിസ് പി. ഉബൈദിനും എബ്രഹാം മാത്യുവിനുമെതിരേ താന്‍ ആരോപണം ഉന്നയിച്ചു എന്നുള്ളത് അടിസ്ഥാന രഹിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.

അതേസമയം, പാറ്റൂര്‍ ഭൂമി ഇടപാട്, ജയരാജന്റെ അനധികൃത നിയമന കേസ് തുടങ്ങിയവയില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഈ ജഡ്ജിമാരുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴച പറ്റിയതാനാല്‍ കേസ് ഫലപ്രാപ്തിയില്‍ എത്തിയില്ല. അഴിമതിക്കാര്‍ രക്ഷപ്പെടുന്ന ഈ സഹാചര്യമാണ് താന്‍ കേന്ദ്ര ഇന്റലിജന്‍സ് കമ്മീഷനെ അറിയിച്ചതെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.