ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതില്‍ ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ അദ്ദേഹം അത് വിനിയോഗിക്കുന്നില്ല-കോടതി നിരീക്ഷിച്ചു.

മാലിന്യം നീക്കം ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് എത്ര നിര്‍ദേശങ്ങള്‍ ലെഫ്. ഗവര്‍ണര്‍ പുറപ്പെടുവിച്ചു? ഈ ക്രമക്കേട് പരിഹരിക്കാന്‍ നിങ്ങള്‍ എത്ര സമയമെടുക്കും?-കോടതി ആരാഞ്ഞു. മാലിന്യം നീക്കം ചെയ്യല്‍ ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പറേഷനുകളുടെ ചുമതലയാണെന്നും അവയ്ക്കു മേല്‍ തനിക്കാണ് അധികാരമെന്നും കോടതിയില്‍ ലെഫ്. ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ഇത് പരിഗണിച്ച ശേഷമാണ് ജസ്റ്റിസുമാരായ എം ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറ്റപ്പെടുത്താന്‍ ലെഫ്.ഗവര്‍ണറിന് സാധിക്കില്ലെന്നും കോടതി പറഞ്ഞു. 

ലെഫ്.ഗവര്‍ണര്‍ക്കാണോ സര്‍ക്കാരിനാണോ കൂടുതല്‍ അധികാരമെന്ന വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ വിധിയായിരുന്നു സുപ്രീം കോടതിയില്‍നിന്നുണ്ടായത്. ഇതിനു പിന്നാലെയാണ് ലെഫ്. ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി വീണ്ടും രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഒഖ്‌ല, ഭല്‍സ്വ, ഘാസിപുര്‍ എന്നിവിടങ്ങളിലെ 'മൂന്നുമാലിന്യമല'കള്‍ നീക്കം ചെയ്യുന്നത് ആരുടെ ഉത്തരവാദിത്തമാണെന്ന് അറിയിക്കണമെന്ന് ചൊവ്വാഴ്ച കോടതി ലെഫ്. ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നതു മൂലം ഡല്‍ഹിനിവാസികള്‍ക്ക് ഡെങ്കി, മലേറിയ, ചിക്കന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ ബാധിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.

content highlights: Supreme court criticises Lieutenant Governor Anil Baijal over garbage disposal issue in delhi