ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാല്‍. പ്രശ്‌നത്തില്‍ ഇതുവരെ പരിഹാരമായിട്ടില്ലെന്നും രണ്ട്, മൂന്ന് ദിവസത്തിനകം പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന് ഇന്നലെ എ.ജി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പ്രശ്‌നപരിഹാരം ഉണ്ടായിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ നിലപാട് മാറ്റിയത്. പത്രസമ്മേളനം നടത്തിയ നാല് ജഡ്ജിമാരെയും ഒഴിവാക്കിക്കൊണ്ട് തിങ്കളാഴ്ച ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കിയിരുന്നു. സുപ്രധാന കേസുകള്‍ ജൂനിയര്‍ ജഡ്ജിമാരെ ഏല്‍പ്പിക്കുന്നു എന്ന പരാതി നിലനില്‍ക്കുന്നതിനിടെ ഇത്തരമൊരു നിലപാട് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് പ്രശ്‌നപരിഹാരം ഇപ്പോഴും അകലെയാണെന്ന സൂചനയാണ് നല്‍കുന്നത്.

ഇന്നലെ രാവിലെ നടന്ന പതിവു കൂടിക്കാഴ്ചയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ജഡ്ജിമാരോട് പൊട്ടിത്തെറിച്ചതായി 'ദ ടെലഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു. സുപ്രീം കോടതി ജഡ്ജിമാര്‍ പങ്കെടുത്ത യോഗത്തില്‍ അരുണ്‍ മിശ്ര വികാരവിക്ഷുബ്ധനായി. മറ്റു ജഡ്ജിമാരും അരുണ്‍ മിശ്രയ്ക്ക് അനുകൂല നിലപാടെടുക്കുകയായിരുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച പത്രസമ്മേളനം വിളിച്ച നാലു ജഡ്ജിമാര്‍ക്കെതിരെ അരുണ്‍ മിശ്ര തുറന്നടിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. 

മുതിര്‍ന്ന പല ചീഫ് ജസ്റ്റിസുമാര്‍ക്കു കീഴില്‍ താന്‍ ജോലി ചെയ്തിട്ടുണ്ട്. തന്റെ ആരോഗ്യം പോലും കണക്കിലെടുക്കാതെ നിരവധി കേസുകള്‍ കേള്‍ക്കാനും തീര്‍പ്പുണ്ടാക്കാനും ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ട്. ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജെ. എസ് ഖെഹാര്‍ തുടങ്ങിയവരും തനിക്ക് സങ്കീര്‍ണവും സുപ്രധാനവുമായ കേസുകള്‍ തനിക്ക് തന്നിട്ടുണ്ട്. കേസുകളുടെ ആധിക്യംകൊണ്ട് പ്രയാസപ്പെടുമ്പോഴും അതിനെക്കുറിച്ച് ഒരിക്കലും താന്‍ പരാതിപ്പെട്ടിട്ടില്ല. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ നാലായിരത്തോളം കേസുകള്‍ താന്‍ കൈകാര്യം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഉന്നയിച്ചതുപോലുള്ള ആരോപണങ്ങള്‍ സുപ്രീം കോടതിയിലെ ജഡ്ജിമാരെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അരുണ്‍ മിശ്ര ആരോപിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആധാറും ശബരിമലയിലെ സ്ത്രീപ്രവേശനവും ഉള്‍പ്പെടെ എട്ടു സുപ്രധാന കേസുകളാണ് ഇന്നലെ രൂപം നല്‍കിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. സുപ്രധാന കേസുകള്‍ ജൂനിയര്‍ ജഡ്ജിമാരെ ഏല്‍പ്പിക്കുന്നു എന്ന പരാതിയാണ് വെള്ളിയാഴ്ച മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റുമാരായ ജെ. ചലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി. ലോകൂര്‍, രഞ്ജന്‍ ഗൊഗോയ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്. ജഡ്ജിമാര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ജഡ്ജിമാരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ഹിന്ദു' റിപ്പോര്‍ട്ടു ചെയ്യുന്നു.

Content Highlights: Supreme Court Crisis, A G KK Venugopal, Supreme Court Judges