ന്യൂഡല്‍ഹി:  ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്‌(ഐ.എ.എസ്) ഉദ്യാഗസ്ഥര്‍ സ്വന്തം സംസ്ഥാനത്ത് മാത്രമേ ജോലി ചെയ്യൂവെന്ന നിലപാട് സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. മറ്റ് സംസ്ഥാന കേഡറുകളില്‍നിന്ന് വളഞ്ഞവഴിയിലൂടെ സ്വന്തം സംസ്ഥാനത്ത് എത്താനുള്ള ശ്രമം ശരിയല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹിമാചല്‍ പ്രദേശ് കേഡറില്‍ നിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ എ.ഷൈനമോള്‍ക്ക്  കേരള കേഡറിലേക്ക് മാറ്റം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി വിധി പറയാനായി സുപ്രീം കോടതി മാറ്റി.

കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2007-ലെ ഹിമാചല്‍ പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് എ.ഷൈനാമോള്‍. എന്‍. പ്രശാന്ത്, അജിത് ഭഗവത് റാവു പാട്ടീല്‍ എന്നിവര്‍ക്കാണ് 2007-ല്‍ കേരള കേഡര്‍ അനുവദിച്ചതെന്ന് അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കെ.എം.നടരാജ് സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ അന്യസംസ്ഥാനങ്ങളിലെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ക്വാട്ടയിലാണ് അജിത് ഭഗവത്‌റാവു പാട്ടീലിന് കേരള കേഡര്‍ അനുവദിച്ചത്. അതിനാല്‍ തന്നെ കേരളത്തില്‍ നിന്നുള്ള ഷൈനമോള്‍ക്ക് മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ക്വാട്ടയില്‍ കേരള കേഡര്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. 

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നിശ്ചയിക്കുന്നതിന് മുമ്പും കേഡര്‍ അനുവദിക്കുന്നതിന് മുമ്പും സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തണമെന്നാണ് ഐ.എ.എസ് റിക്രൂട്ട്‌മെന്റ് ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത് രണ്ടും ലംഘിച്ച് കൊണ്ടാണ് 2007-ല്‍ കേഡര്‍ അനുവദിച്ചതെന്ന് ഷൈനമോള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി. 

2007-ല്‍ ബിഹാര്‍ കേഡറില്‍ ഒമ്പത് ഉദ്യോഗസ്ഥര്‍ അധികമായിരുന്നു. ആറ് ഉദ്യോഗസ്ഥരെയാണ് ബിഹാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അനുവദിച്ചത് ഏഴ് പേരെയാണ്. കേരളത്തില്‍ 2007-ല്‍ 27 ഉദ്യാഗസ്ഥരുടെ കുറവുണ്ടായിരുന്നു. സംസ്ഥാനം ചോദിച്ചിരുന്നത് 14 ഉദ്യോഗസ്ഥരെയാണ്. ചുരുങ്ങിയത് ഏഴ് ഉദ്യോഗസ്ഥരെങ്കിലും വേണമെന്ന് സംസ്ഥാനം അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് ലഭിച്ചത് രണ്ട് പേരെ മാത്രമാണെന്നും ഹാരിസ് ബീരാന്‍ വാദിച്ചു. ഷൈനമോളെ  കേരള കേഡറിലേക്ക് ഉള്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അഭിഭാഷകന്‍  സുപ്രീം കോടതിയെ അറിയിച്ചു. ഒറീസ കേഡര്‍ ഉദ്യോഗസ്ഥനായിരുന്ന കെ.ആര്‍. ജ്യോതിലാലിന് കേരള കേഡറിലേക്ക് മാറ്റം നല്‍കിയ സുപ്രീം കോടതി വിധിയിലെ വസ്തുതകള്‍ തനിക്കും ബാധകമാണെന്നാണ് ഷൈനമോളുടെ വാദം.

2007-ലെ ഹിമാചല്‍ പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയായ ഷൈനാമോള്‍, നാല് വര്‍ഷമൊഴികെ സര്‍വീസിലെ മറ്റ് എല്ലാ കാലഘട്ടത്തിലും കേരളത്തിലാണ് സേവനം അനുഷ്ഠിച്ചിട്ടുള്ളത്. 2018-ല്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഷൈനമോളുടെ കേരളത്തിലെ ഡെപ്യുട്ടേഷന്‍ കാലാവധി 2021 വരെ നീട്ടിയിരുന്നു. ഈ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി അന്തിമവാദം കേട്ടത്.