Nupur Sharma | Photo: Manvender Vashist/ PTI
ന്യൂഡല്‍ഹി: ഉദയ്പ്പൂര്‍ കൊലപാതകം ഉള്‍പ്പടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രശനങ്ങള്‍ക്കും കാരണം നൂപുര്‍ ശര്‍മയാണെന്ന് സുപ്രീംകോടതി. രാജ്യത്തോട് മാപ്പ് പറയാന്‍ നൂപുര്‍ ശര്‍മ തയ്യാറാകണമെന്നും കോടതി പറഞ്ഞു. വികാരം ആളികത്തിക്കുന്ന പാര്‍ട്ടി വക്താക്കള്‍ക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ നല്കാന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വരുംവരായ്കകള്‍ ആലോചിക്കാതെ തികച്ചും അപക്വമായാണ് നൂപുര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വാവിട്ട വാക്കുകള്‍ രാജ്യത്താകെ തീപടര്‍ത്തി. രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായതിനാല്‍ നിയമം പാലിക്കാതെ എന്തും പറയാനുള്ള ലൈസസന്‍സ് ഇല്ല. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവര്‍ കരുതിയോയെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ചാനല്‍ ചര്‍ച്ചയില്‍ അവതാരകയുടെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്ന് നൂപുറിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോള്‍, എന്നാല്‍ എന്തുകൊണ്ട് അവതാരകയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് കോടതി ആരാഞ്ഞു. ഡല്‍ഹി പോലീസിനെയും കോടതി നിശിതമായി വിമര്‍ശിച്ചു. ജീവന് ഭീഷണിയുണ്ടെന്ന നൂപുറിന്റെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ നിരവധി എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും ഡല്‍ഹി പൊലീസ് എന്തുകൊണ്ട് നൂപുറിനെതിരെ നടപടി എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു.
പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് നൂപുര്‍ ശര്‍മയുടെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാപ്പ് പറയാന്‍ അവര്‍ വൈകിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ എന്ന നിബന്ധയോടെയാണ് മാപ്പ് പറഞ്ഞത്. ഇത് സ്വീകാര്യമല്ല. നൂപുര്‍ ശര്‍മ മാധ്യമങ്ങളിലൂടെ രാജ്യത്തോട് നിരുപാധിക മാപ്പ് പറയണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു.
ഒരേ കുറ്റത്തിന് വിവിധ എഫ്ഐആറുകള്‍ പാടില്ലെന്ന് സുപ്രീം കോടതി തന്നെ പല കേസുകളിലും വ്യക്തമാക്കിയിട്ടുള്ളതാണെന്ന് നൂപുര്‍ ശര്‍മയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍, നൂപുര്‍ ശര്‍മയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ തങ്ങളുടെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ ഹര്‍ജി അഭിഭാഷകര്‍ പിന്‍വലിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..