ന്യൂഡൽഹി:സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച് സുപ്രീംകോടതി. സൈറസ് മിസ്ത്രിയെ നീക്കം ചെയ്യാനുളള തീരുമാനം ശരിയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

2019 ഡിസംബർ 18-നാണ് സൈറസ് മിസ്ത്രിയെ നാഷണൽ കമ്പനി ലോ അപ്പലെറ്റ് ട്രിബ്യൂണൽ പുനർനിയമിച്ചത്. ഇത് ചോദ്യം ചെയ്ത് ടാറ്റ സൺസും രത്തൻ ടാറ്റയും സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.

2016 ഒക്ടോബറിൽ നടന്ന ബോർഡ് മീറ്റിങ്ങിൽ സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിനെ പതിയിരുന്നുളള ആക്രമണമെന്നാണ് ഷാപുർജി പല്ലോൻജി ഗ്രൂപ്പ് സുപ്രീംകോടതിയിൽ വിശേഷിപ്പിച്ചത്. കോർപറേറ്റ് തത്വങ്ങളുടെ പൂർണമായ ലംഘനമാണ് ഇതെന്നും അവർ കോടതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ ആരോപണങ്ങളെ എതിർത്ത ടാറ്റ ഗ്രൂപ്പ് മിസ്ത്രിയെ നീക്കാൻ ബോർഡിന് അവകാശമുണ്ടെന്നും വാദിച്ചു. ഓഹരികൾ സംബന്ധിച്ച മറ്റ് നിയമപരമായ നടപടികൾ സ്വീകരിക്കാനും ടാറ്റാ സൺസിനും സൈറസ് മിസ്ത്രിക്കും സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്.

2012-ലാണ് രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്ത് മിസ്ത്രി എത്തുന്നത്. എന്നാൽ 2016-ൽ അദ്ദേഹത്തെ പുറത്താക്കി. ഇതിനെതിരേ മിസ്ത്രി നടത്തിയ നിയമയുദ്ധത്തേത്തുടർന്നാണ് ടാറ്റ സൺസ് ചെയർമാനായി പുനർനിയമിച്ച് നാഷണൽ കമ്പനി ലോ അപ്പലെറ്റ് ട്രിബ്യൂണൽ ഉത്തരവിടുന്നത്.