ന്യുഡല്‍ഹി: പൊതു താത്പര്യമുള്ള വിഷയങ്ങളിൽ ലഭിക്കുന്ന കത്തുകളും നിവേദനകളും അപേക്ഷയായി പരിഗണിച്ച് ഹരിത ട്രിബ്യൂണലിന് ഉത്തരവിറാക്കാൻ അധികാരമില്ലേ എന്ന് സുപ്രീം കോടതി. ക്വാറി ദൂര പരിധി നിശ്ചയിച്ച ഹരിത ട്രിബ്യുണൽ ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് ക്വാറി ഉടമകൾ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഹരിത ട്രിബ്യുണൽ ഉത്തരവിന് എതിരെ സംസ്ഥാന സർക്കാരും ക്വാറി ഉടമകളും നൽകിയ ഹർജികളിൽ സുപ്രീം കോടതിയിൽ നാളെയും വാദം തുടരും.

സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ക്വാറി ദൂരപരിധി സംബന്ധിച്ച് ദേശിയ ഹരിത ട്രിബ്യുണൽ ഉത്തരവിറക്കിയത് എന്ന്  സംസ്ഥാന സർക്കാരും ക്വാറി ഉടമകളും വാദിച്ചു. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ഉത്തരവിറക്കാൻ ട്രിബ്യുണലിന് അധികാരമില്ലെന്നും ക്വാറി ഉടമകളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ച ഒരു നിവേദനം ഹരിത ട്രിബ്യുണലിന് കൈമാറിയത് ആണെന്നും അത് അപേക്ഷ ആയി പരിഗണിച്ച് ട്രിബ്യുണലിന് ഉത്തരവിടാൻ അധികാരമില്ലേ എന്നും കോടതി ആരാഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നൽകിയ വ്യക്തി തന്നെ ട്രിബ്യുണലിലും കത്ത് അയച്ചിരുന്നതായും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

ജനവാസ കേന്ദ്രങ്ങളിൽ നിന്നും, പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിന്നും 200 മീറ്റർ മാറി മാത്രമേ പാറ പൊട്ടിക്കാവൂ എന്ന ദേശിയ ഹരിത ട്രിബ്യുണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി കഴിഞ്ഞ ആഴ്ച സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെ ട്രിബ്യുണൽ ഉത്തരവ് വീണ്ടും നിലവിൽ വന്നു. ഈ സാഹചര്യത്തിൽ ട്രിബ്യുണൽ ഉത്തരവ് സ്റ്റേ ചെയ്യണെമെന്ന് സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടു. 

അമിക്കസ് ക്യുറി ആനന്ദ് ഗ്രോവറിന്റെയും, സംസ്ഥാന സർക്കാരിന്റെയും വാദം നാളെ കോടതിയിൽ നടക്കും. ഖനനം നിയന്ത്രിക്കുന്നതിനുള്ള 1957 ലെ മൈൻസ് ആൻഡ് മിനറൽസ് ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ ആക്ട് അടിസ്ഥാനമാക്കി  സംസ്ഥാന സർക്കാർ തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരം  ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പടെ അമ്പത് മീറ്റർ മാറി പാറ പൊട്ടിക്കാം എന്നാണ് കേരളത്തിന്റെ നിലപാട്. ഈ ചട്ടത്തിന്റെ സാധുത ചോദ്യം  ചെയ്യപ്പെട്ടിട്ടില്ല. ചട്ടം നിലനിൽക്കുമ്പോൾ അതിലെ വ്യവസ്ഥയ്ക്ക് എതിരെ ഉത്തരവ് ഇറക്കാൻ ദേശിയ ഹരിത ട്രിബ്യുണലിന് അധികാരമില്ലെന്നാണ് കേരളത്തിന്റെ വാദം.

ജസ്റ്റിസ് മാരായ എ എം ഖാൻവിൽക്കർ, ഹൃഷികേശ് റായ്, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്. ക്വാറി ഉടമകൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗി, ദുഷ്യന്ത് ദാവെ, കൃഷ്ണൻ വേണുഗോപാൽ, വി ഗിരി  അഭിഭാഷകൻ എം ആർ അഭിലാഷ് എന്നിവർ ഹാജരായി

Content Highlights: Supreme court asks the possibility of isssuing verdict by green tribunal considering petitions as application