പ്രതീകാത്മകചിത്രം | Photo: Mathrubhumi
ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തി സുപ്രീം കോടതി. ബഫര്‍ സോണിലെ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ കോടതി നീക്കി. എന്നാല്‍ ഖനനം ഉള്‍പ്പടെ ഈ മേഖലകളില്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും. കേരളത്തിലെ 23 സംരക്ഷിത മേഖലകള്‍ക്ക് ഇതോടെ ഇളവ് ലഭിക്കും.
രാജസ്ഥാനിലെ ജാമുവാരാംഗാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധി സുപ്രീം കോടതി 2022 ജൂണ്‍ മൂന്നിന് പുറപ്പടുവിച്ചത്. ഈ ഉത്തരവാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് സുപ്രീം കോടതി ഭേദഗതി ചെയ്തത്. ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സുപ്രധാനമായ ഭേദഗതി ഉത്തരവ് പുറപ്പടുവിച്ചത്.
കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമെ, സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിജ്ഞാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്ക് കൂടി ഇളവ് അനുവദിച്ചു. ഇതിന് പുറമെ സംസ്ഥാന അതിര്‍ത്തികളിലുള്ള സംരക്ഷിത മേഖലകള്‍ക്കും നിയന്ത്രണത്തിന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ കേരളത്തിലെ 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് ലഭിച്ചേക്കും.
കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നല്‍കിയിട്ടുണ്ട്. ഇതില്‍ പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റ് എല്ലാത്തിലും കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്.
Content Highlights: supreme court allows relaxation in verdict directing absolute restriction in buffer zone
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..