Photo: ANI
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് അവസാനമുണ്ടായേ പറ്റൂവെന്ന് സുപ്രീം കോടതി. ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിച്ച് പുനർവിചാരണ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 41 പേരെ കൂടി വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിലെ നിലപാട് രേഖാമൂലം രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കാന്‍ സുപ്രീം കോടതി എട്ടാം പ്രതി ദിലീപിനോട് നിര്‍ദേശിച്ചു.
കേസിന്റെ വിചാരണ കഴിവതും ജനുവരി 31-നകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിയോട് നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജനുവരി 19-ന് 41 പേരെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതി ജഡ്ജിക്ക് കത്ത് നല്‍കിയതായി ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇതില്‍ പലരെയും ഒരിക്കല്‍ വിസ്തരിച്ചതാണ്. പലരെയും വീണ്ടും വിസ്തരിക്കുന്നത് എന്തിനാണെന്ന് കോടതിയോട് പോലും പറഞ്ഞിട്ടില്ലെന്നും റോത്തഗി ആരോപിച്ചു. തുടര്‍ന്നാണ് വിസ്തരിച്ചവരെ വീണ്ടും വിസ്തരിച്ച് കേസില്‍ പുനർവിചാരണ നടത്താന്‍ അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
വിസ്താരത്തിന് പ്രോസിക്യൂഷന്‍ എടുക്കുന്ന സമയത്തിന്റെ ഇരട്ടിയാണ് ദിലീപിന്റെ അഭിഭാഷകര്‍ എതിര്‍ വിസ്താരത്തിന് എടുക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആരോപിച്ചു. ഇതിനിടെ കേസിലെ ഒരു സാക്ഷിയുടെ വിസ്താരത്തിന് വിചാരണ കോടതി ജഡ്ജി തിരുവനന്തപുരത്ത് പോകാമെന്ന് അറിയിച്ചിട്ടും ഹൈക്കോടതി അത് വിലക്കിയതായി റോത്തഗി സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ഭരണപരമായ തീരുമാനത്തിന് അതിന്റെതായ കാരണം ഉണ്ടാകുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി 17-ലേക്ക് മാറ്റി.
Content Highlights: supreme court actress attack case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..