ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് മുന്‍ കേന്ദ്രമന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ഷൂരി. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഷൂരി മോദിക്കെതിരെ ആഞ്ഞടിക്കുന്നത്. കസൗലിയില്‍ ഖുശ്വന്ത് സിങ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഞാന്‍ ഒരുപാട് അബദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്. അതിലൊന്ന് വി.പി സിങ്ങിനെ പിന്തുണച്ചതാണ്. രണ്ടാമത്തേത് നരേന്ദ്രമോദിയെ പിന്തുച്ചതും. 2002-2004 കാലഘട്ടത്തില്‍ കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു ഷൂരി. മോദിയുടെ നോട്ടു നിരോധനമാണ് നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് ഷൂരി നേരത്തേ പറഞ്ഞിരുന്നു.

മോദിയുടെ സാമ്പത്തിക നയത്തെ വിമര്‍ശിച്ച് മൂന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ടതിലുള്ള നിരാശയാണ് രണ്ട് മുന്‍ മന്ത്രിമാരേക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത് എന്നാണ് ബിജെപി ഇതിനെതിരെ പ്രതികരിച്ചത്.

പ്രസംഗത്തിനിടെ മാധ്യമങ്ങളേയും ഷൂരി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. 

EXCLUSSIVE INTERVIEW : ഇന്ത്യയില്‍ വികേന്ദ്രീകൃത അടിയന്തരാവസ്ഥ -അരുണ്‍ ഷൂരി