കൊല്‍ക്കത്ത: ബിരുദപഠനത്തിനുള്ള പ്രവേശനപട്ടികയില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പേരും. കൊല്‍ക്കത്തയിലെ അശുതോഷ് കോളേജിന്റെ ഇംഗ്ലീഷ് ബിഎ(ഓണേഴ്‌സ്) പ്രവേശനത്തിന്റെ മെറിറ്റ് ലിസ്റ്റിലാണ് സണ്ണിയുടെ പേര് പ്രഥമസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്. 

അപേക്ഷയുടെ ഐ.ഡിയും റോള്‍ നമ്പറും സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പട്ടികയില്‍ ചേര്‍ത്തിരുന്നു. പ്ലസ് ടു പരീക്ഷയില്‍ പ്രധാനപ്പെട്ട നാല് വിഷയങ്ങളില്‍ കരസ്ഥമാക്കിയ മുഴുവന്‍ മാര്‍ക്കും(400) പേരിനൊപ്പം രേഖപ്പെടുത്തിയിരുന്നു. 

ആരോ മനഃപൂര്‍വമൊപ്പിച്ച തമാശയാണിതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. തെറ്റായ അപേക്ഷയോടൊപ്പം താരത്തിന്റെ പേര് ചേര്‍ത്ത് നല്‍കിയതാണെന്നും തെറ്റ് തിരുത്താന്‍ പ്രവേശനവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഓണ്‍ലൈനിലൂടെ നടക്കുന്ന പ്രവേശനനടപടികളെ കുറിച്ച് ആശങ്കകളുയര്‍ത്തിയിരിക്കുകയാണ് ഈ സംഭവം.

Content Highlights: Sunny Leone's name 'mischievously' makes it to top of Kolkata college's merit list