സിദ്ധരാമയ്യ, സുനിൽ കനുഗോലു
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തിനായി പ്രചാരണതന്ത്രങ്ങള്‍ മെനഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലുവിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി നിയമനം. ക്യാബിനറ്റ് റാങ്കോടെയാണ് കനുഗോലുവിന്റെ നിയമനം. മന്ത്രിമാരുടെ വകുപ്പുവിഭജനം ഉള്‍പ്പെടെ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് കനുഗോലുവിന് ക്യാബിനെറ്റ് റാങ്കോടെ നിയമനം നല്‍കിയത്.
ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി നിരവധി തിരഞ്ഞെടുപ്പുകള്‍ കനുഗോലു കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍ ഏകോപിപ്പിച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വലിയ ഊര്‍ജമേകിയ ഭാരത് ജോഡോ യാത്രയുടെ പിന്നണിയിലും കനുഗോലു സജീവമായിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ദൗത്യസംഘത്തിലും നേരത്തെ കനഗോലുവിനെ ഉള്‍പ്പെടുത്തിയിരുന്നു.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ പ്രചാരണത്തിന് പ്രശാന്ത് കിഷോറിനൊപ്പം ചുക്കാന്‍പിടിച്ചത് കനുഗോലുവായിരുന്നു. 2016-ല്‍ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ പ്രചാരണത്തിന് തന്ത്രങ്ങള്‍ മെനഞ്ഞതും കനുഗോലുവാണ്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ 'നമുക്കുനാമേ' എന്ന പേരില്‍ നടത്തിയ പ്രചാരണത്തിന്റെ ബുദ്ധികേന്ദ്രവും അദ്ദേഹമായിരുന്നു. സ്റ്റാലിന്റെ പേര് തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത് ഇതിലൂടെയായിരുന്നു. അന്ന് ഡി.എം.കെ. അധികാരത്തിലെത്തിയില്ലെങ്കിലും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഡി.എം.കെ.യുടെ പ്രചാരണത്തിന് ചുക്കാന്‍പിടിക്കാനെത്തിയപ്പോള്‍ 40-ല്‍ 39 സീറ്റുകള്‍ പാര്‍ട്ടി നേടി.
കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിന്റെ പ്രചാരണതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതും സുനില്‍ കനുഗോലുവാണ്. കര്‍ണാടകയിലെ ബെല്ലാരിയില്‍ ജനിച്ച കനുഗോലു നിലവില്‍ ബെംഗളൂരുവിലാണ് താമസം.
Content Highlights: Sunil Kanugolu, Congress poll strategist, named advisor to CM Siddaramaiah


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..