.jpg?$p=c0dff4c&f=16x10&w=856&q=0.8)
Jyotiraditya Scindia, Sunil Jakhar, RPN Singh, Jitin Prasada| Photo: PTI/ Mathrubhumi
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് രാജസ്ഥാനില്‍ ചിന്തന്‍ ശിബരം നടന്നുകൊണ്ടിരിക്കെയാണ് വീണ്ടുമൊരു മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ കുറച്ച് കാലമായി പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുകയായിരുന്ന മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖറാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
'ഗുഡ് ബൈ, ഗുഡ് ലക്ക് കോണ്‍ഗ്രസ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുനില്‍ ജാഖറിന്റെ കോണ്‍ഗ്രസില്‍ നിന്നുള്ള പടിയിറക്ക പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലിരുന്നുകൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണ്. ഈ അവസ്ഥയില്‍ മുന്നോട്ടുപോവാനാവില്ലെന്നും സുനില്‍ ജാഖര്‍ പറഞ്ഞു. ഇതുവരെ കൈകാര്യം ചെയ്തിരുന്ന എല്ലാ പാര്‍ട്ടി അക്കൗണ്ടുകളും സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കംചെയ്താണ് ജാഖര്‍ പാര്‍ട്ടി വിടുകയാണെന്ന പ്രഖ്യാപനം നടത്താനായി ഫെയ്സ്ബുക്ക് ലൈവിലെത്തിയത്.
അടുത്ത കാലത്ത് കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാക്കളുടെ വലിയ നിരയിലെ ഏറ്റവും ഒടുവിലത്തെ ആളാവുകയാണ് സുനില്‍ ജാഖർ. ഒരു തിരിച്ചുവരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസിനെ ജ്യോതിരാദിത്യ സിന്ധ്യ മുതലാരംഭിച്ച ഈ കൊഴിഞ്ഞുപോക്ക് എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ജ്യോതിരാദിത്യ സിന്ധ്യ
മധ്യപ്രദേശ് സര്‍ക്കാരിനെ ത്രിശങ്കുവിലാക്കിയാണ് മുതിര്‍ന്നനേതാവും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് വിട്ട സിന്ധ്യ ബി.ജെ.പി.യില്‍ ചേര്‍ന്നു. സിന്ധ്യയെ അനുകൂലിക്കുന്ന എം.എല്‍.എ.മാര്‍ ഗവര്‍ണര്‍ക്കു രാജിക്കത്ത് നല്‍കിയതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീണിരുന്നു.
അമരീന്ദര്‍ സിങ്
കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ടാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പാര്‍ട്ടി വിട്ടത്. നേരത്തെ അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന അമരീന്ദര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് അമരീന്ദറിന് പക്ഷേ കാലിടറിയിരുന്നു.
അശ്വനി കുമാര്‍
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസിന് തിരിച്ചടി സമ്മാനിച്ച് മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാർ കോണ്‍ഗ്രസ് വിട്ടത്. സംസ്ഥാന കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ട സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അശ്വനി കുമാറിന്റെ രാജി. 46 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് അശ്വനി കുമാര്‍ ഉപേക്ഷിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു.
റിപുന്‍ ബോറ
കോണ്‍ഗ്രസ് വിട്ട അസം മുന്‍ അധ്യക്ഷനും രാജ്യസഭാ മുന്‍ അംഗവുമായ റിപുന്‍ ബോറ തൃണമൂല്‍ കോണ്‍ഗ്രസിലാണ് ചേര്‍ന്നത്. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ വളരാന്‍ ശ്രമിക്കുകയാണെന്നും ഇവയെ പ്രതിരോധിക്കുന്നതിന് പകരം പ്രത്യേക താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് വേണ്ടി പരസ്പരം പോരടിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കളെന്നും ആരോപണം ഉയര്‍ത്തിയാണ് ബോറ പാര്‍ട്ടി വിട്ടത്.
ജിതിന് പ്രസാദ
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി വിട്ട നേതാക്കളില്‍ പ്രമുഖനാണ് ജിതിന് പ്രസാദ. മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന് പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലാണ് ചേര്‍ന്നത്. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നവരില് ജിതിന് പ്രസാദയുമുണ്ടായിരുന്നു. ഇതിനെതിരേ പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കത്ത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ജിതിന് പ്രസാദ പറഞ്ഞിരുന്നു.
പി.സി. ചാക്കോ
പാര്‍ട്ടിയില്‍ അവഗണനയെന്നാരോപിച്ചാണ് ലോക്സഭയിലും നിയമസഭയിലും ഒട്ടേറെ തവണ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന നേതാവ് പി.സി ചാക്കോ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെയും പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് പാര്‍ട്ടി വിടുന്ന വേളയില്‍ അദ്ദേഹം ഉന്നയിച്ചത്. കോണ്‍ഗ്രസ് വിട്ട അദ്ദേഹം എന്‍.സി.പിയില്‍ ചേര്‍ന്നിരുന്നു.
ആര്‍പിഎന്‍ സിങ്
രാഹുല്‍ ബ്രിഗേഡിലെ വരുംതലമുറ നേതാവെന്ന് വിശേഷിക്കപ്പെട്ട ആര്‍പിഎന്‍ സിങ്ങാണ് കോണ്‍ഗ്രസ് വിട്ട മറ്റൊരു പ്രമുഖ നേതാവ്. യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹ മന്ത്രിയായിരുന്ന ആര്‍പിഎന്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. യുപി നിയമസഭാ തെരഞ്ഞെടുപ്പ് ദിവസങ്ങള്‍ മുമ്പാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..