ന്യൂഡല്‍ഹി: ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തുവന്നു. പാകിസ്താനി മാധ്യമ പ്രവര്‍ത്തകയുമായി തരൂര്‍ ബന്ധം തുടര്‍ന്നു എന്നുകരുതിയാല്‍ പോലും സുനന്ദ പുഷ്‌കറിന്റ ദുരൂഹമരണ കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. 176 പേജ് ദൈര്‍ഘ്യമുളള വിധി പ്രസ്താവമാണ് പുറത്തുവന്നിരിക്കുന്നത്.

തരൂരിനെതിരേ കുറ്റം തെളിയിക്കുന്നതിന് ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. പ്രോസിക്യൂഷന്‍ ഹാജരാക്കിയ എല്ലാ തെളിവുകളും കണക്കിലെടുത്താന്‍ പോലും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ, 306 വകുപ്പുകള്‍ പ്രകാരം തരൂര്‍ എന്തെങ്കുലം കുറ്റം ചെയ്തുവെന്നും അദ്ദേഹത്തോട് എന്തെങ്കിലും വിചാരണ നേരിടണമെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുളളത്. 

ശശി തരൂര്‍ പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് സുനന്ദയെ മാനസികമായി തളര്‍ത്തിയിരുന്നെന്നും അതിനാലാണ് സുനന്ദ ആത്മഹത്യ ചെയ്തതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. അതുകൊണ്ട് ആത്മഹത്യാ പ്രേരണക്കുറ്റം തരൂരിനെതിരേ ചുമത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക് മാധ്യമ പ്രവര്‍ത്തകയുമായുളള ബന്ധം തുടര്‍ന്നാല്‍ പോലും തരൂരിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 

കഴിഞ്ഞ ദിവസമാണ് സുനന്ദയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശി തരൂരിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുളള വിധി വന്നത്. തരൂരിനെതിരേ ആത്മഹത്യാ പ്രേരണ, ഭര്‍തൃപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന പ്രോസിക്യൂഷന്‍ വാദമാണ് പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയല്‍ തള്ളിയത്. വലിയ ആശ്വാസം പകരുന്ന തീരുമാനമാണിതെന്നും കഴിഞ്ഞ ഏഴര വര്‍ഷക്കാലം കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചതെന്നും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ ശശി തരൂര്‍ പറഞ്ഞു.

2014 ജനുവരി 17-നാണ് സുനന്ദയെ ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂരിന്റെ ഔദ്യോഗിക വസതിയില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ദമ്പതിമാര്‍ ഹോട്ടലിലാണ് കഴിഞ്ഞിരുന്നത്.

ആത്മഹത്യാ പ്രേരണ, ഭര്‍ത്താവിന്റെയോ ഭര്‍തൃവീട്ടുകാരുടെയോ ക്രൂരത എന്നീ വകുപ്പുകള്‍ പ്രകാരമാണ് തരൂരിനെതിരേ കുറ്റപത്രം നല്‍കിയത്. പത്തുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. കേസില്‍ തരൂരിനെ അറസ്റ്റ് ചെയ്തിരുന്നില്ല.