ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എംപി. നാല് വര്‍ഷത്തിലധികം അന്വേഷണം നടത്തി കണ്ടെത്തിയത് ഇക്കാര്യമാണെങ്കില്‍ അന്വേഷണ രീതിയും ഇത്തരം കുറ്റപത്രത്തിലും ദുരൂഹതയുണ്ടെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

സമാന്യബുദ്ധിക്ക് നിരക്കാത്ത കുറ്റപത്രമാണ് ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനെ ശക്തമായി തന്നെ നേരിടും. സുനന്ദയുടെ ആത്മഹത്യക്ക് പിന്നില്‍ താനാണെന്ന് ഞങ്ങളെ അടുത്തറിയുന്ന ആരും വിശ്വസിക്കില്ലെന്നും, ഇക്കാര്യത്തില്‍ പോലീസിന്റെ നടപടി അവിശ്വസനീയമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

നാല് വര്‍ഷത്തെ അന്വേഷണം ആത്മഹത്യ എന്ന നിഗമനത്തിലാണ് പോലീസിനെ എത്തിച്ചത്. ഡല്‍ഹി പോലീസിന്റെ അന്വേഷണ രീതിയെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. സുനന്ദയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലെന്ന് ഒക്ടോബര്‍ 17ന് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ച പോലീസ് ആറ് മാസത്തിന് ശേഷം ആത്മഹത്യയാണെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നാണ് സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതാണെന്ന് കാണിച്ച് ഡല്‍ഹി പോലീസ് പാട്യാല കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ശശി തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്.

പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്ന മുറിവുകള്‍ തനിയെ എല്‍പ്പിച്ചതായിരിക്കാമെന്ന വിലയിരുത്തലുകളിലാണ് ഡല്‍ഹി പോലീസ് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്. 

ഈ മാസം 24ന് പട്യാല കോടതിയില്‍ കേസ് പരിഗണിക്കും. കേസ് സെഷന്‍സ് കോടതിയിലേക്ക് കൈമാറുന്ന നടപടി മാത്രമായിരിക്കും പട്യാല കോടതി സ്വീകരിക്കുക. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഡല്‍ഹി പോലീസ് ഈക്കര്യം നീട്ടികൊണ്ടു പോകുകയായിരുന്നു.

2014 ജനുവരി 17ന് ഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസിലാണ് സുനന്ദാ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ വീട് സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് സുനന്ദയുടെ മരണം.