ന്യൂഡല്‍ഹി: സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പോലീസ് സമര്‍പ്പിച്ച തത്സ്ഥിതി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പോലീസിനോട് കോടതി നിര്‍ദേശിച്ചു.
സുനന്ദാ പുഷ്കറിന്റെ ദുരൂഹമരണം സംബന്ധിച്ച കേസ് കോടതിയുടെ മേല്‍നോട്ടത്തില്‍ വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ജൂലൈ ആദ്യം ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മരണം നടന്ന് മൂന്നരവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണപുരോഗതിയില്ലാത്തതിനാല് കേസ് സിബിഐ അന്വേഷിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഡല്‍ഹി പോലീസിനോട് അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. സുനന്ദാ പുഷ്കര്‍ കേസിലെ ചാര്‍ജ് ഷീറ്റിന്റെ പകര്‍പ്പ് 45 ദിവസത്തിനുള്ളില്‍ വേണമെന്നാവശ്യപ്പെട്ട് പുതിയൊരു ഹര്‍ജി സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിട്ടുണ്ട്.
അതിനിടെ,കേസില്‍ സുബ്രഹ്മണ്യം സ്വാമിക്കുള്ള താല്പര്യത്തെ ചോദ്യം ചെയ്ത് സുനന്ദ പുഷ്കറിന്റെ മകന് ശിവ് മേനോന് രംഗത്തെത്തിയിരുന്നു. തന്റെ അമ്മയുടെ കാര്യത്തില്‍ സ്വാമിക്ക് ഇത്ര താല്പര്യം എന്താണെന്നായിരുന്നു ശിവ് മേനോന്റെ ചോദ്യം. എന്നാല്‍,ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്.
പൊതുജന താല്പര്യാര്ഥമാണ് സ്വാമിയുടെ നടപടികളെന്നും അമ്മ എങ്ങനെ മരിച്ചെന്ന ദുരൂഹത നീങ്ങണമെന്ന് മകന് ആഗ്രഹമില്ലേ എന്നും കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നരവര്‍ഷക്കാലം ശിവ് മേനോന് എവിടെയായിരുന്നു എന്നും കോടതി ചോദിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കറിനെ 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..