മമത ബാനർജി | ഫോട്ടോ: PTI
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം ഭാരതീയ ജനതാ പാര്‍ട്ടി പരാജയപ്പെടുന്നത് കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ ഫൂല്‍ബഗാന്‍ ഏരിയയില്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള തന്റെ ഏക ലക്ഷ്യം വ്യവസായങ്ങള്‍ കൊണ്ടുവരികയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതും മാത്രമാണെന്നും അവര്‍ പറഞ്ഞു. 2024ലെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിഎംസി ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞ മമത കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേരിട്ടതിന് സമാനമായ പരാജയം ബിജെപിക്ക് രാജ്യത്തുടനീളം നേരിടേണ്ടിവരുമെന്നും കൂട്ടിച്ചേര്‍ത്തു.
''നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് അഴിച്ചുവിട്ട പ്രചാരണം നമ്മള് കണ്ടതാണ്. എല്ലാവരും അതുകണ്ട് ഭയന്നു. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ അവരെ പരാജയപ്പെടുത്തി. ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ പരാജയപ്പെടുത്തും. കഴിഞ്ഞ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന അതേ ഗതി തന്നെയാകും ഇത്തവണ രാജ്യത്തുടനീളം നേരിടേണ്ടി വരിക,'' മമത ബാനര്‍ജി പറഞ്ഞു.
2022ന്റെ തുടക്കത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഗോവ, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് സൂര്യന് അസ്തമിച്ചു തുടങ്ങിയെന്നും ഈ പ്രവണത രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നും ചൊവ്വാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു.
Content Highlights: sun has started setting for bjp says mamata banerjee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..