പുണെ: മഹാരാഷ്ട്രയില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി മാനസികാസ്വാസ്ഥ്യമുള്ളയാളെ കേരളത്തിലെ ഉത്രയെ കൊലപ്പെടുത്തിയ രീതിയിൽ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയും തന്റെ മരണം വ്യാജമായി ചമയ്ക്കുകയും ചെയ്തതിന് പ്രഭാകര്‍ വാഗ്ചൗരെ എന്ന 54-കാരനാണ് അറസ്റ്റിലായിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ അഹമ്മദ് നഗര്‍ ജില്ലയിലെ രാജൂര്‍ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യമുള്ള 50കാരന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ മുഖ്യപ്രതിയെ സഹായിച്ചതിന് മറ്റ് നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മുഖ്യപ്രതിയായ പ്രഭാകര്‍ കഴിഞ്ഞ 20 വര്‍ഷമായി കുടുംബമായി അമേരിക്കയില്‍ താമസിച്ചുവരികയായിരുന്നു. അവിടെവെച്ച് ഒരു ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ നിന്നും ഇയാള്‍ 50 ലക്ഷം ഡോളറിന്റെ ലൈഫ് ഇന്‍ഷുറന്‍സ് എടുത്തിരുന്നു. പിന്നീട് 2021 ജനുവരിയില്‍ ഇന്ത്യയിലെത്തുകയും അഹമ്മദ്നഗര്‍ ജില്ലയിലെ ധമന്‍ഗാവ് പാട്ടിലെ ഭാര്യയുടെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇവിടെ വെച്ചാണ് മാനസികാസ്വാസ്ഥ്യമുള്ളയാളെ കൊലപ്പെടുത്താന്‍ വാഗ്ചൗറെ ഗൂഢാലോചന നടത്തുന്നത്. തുടര്‍ന്ന് സന്ദീപ് തലേക്കര്‍, ഹര്‍ഷാദ് ലഹാമഗെ, ഹരീഷ് കുലാല്‍, പ്രശാന്ത് ചൗധരി എന്നിവരെ പണം വാഗ്ദാനം ചെയ്ത് കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

വാഗ്ചൗറെ പിന്നീട് രാജൂര്‍ ഗ്രാമത്തിലേക്ക് വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. മറ്റ് പ്രതികളുടെ സഹായത്തോടെ ഒരു വിഷപ്പാമ്പിനെ വാങ്ങുകയും മാനസികാസ്വാസ്ഥ്യമുള്ളയാളെ കടിപ്പിക്കുകയുമായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അവര്‍ അയാളെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ മരിച്ചയാളുടെ ബന്ധുക്കളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും പ്രഭാകര്‍ വാഗ്ചൗറെ എന്ന പേരില്‍ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയുകയുമായിരുന്നു. കൊല്ലപ്പെട്ടയാള്‍ അമേരിക്കയില്‍ നിന്ന് വന്നതാണെന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം ഗ്രാമത്തില്‍ താമസിച്ചുവരികയാണെന്നും അവര്‍ അധികൃതരോട് പറഞ്ഞു.

തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റും മറ്റ് നിയമപരമായ രേഖകളും ലഭിച്ച ശേഷം അമേരിക്കയിലേക്ക് അയച്ചു. അവിടെ വാഗ്ചൗറെയുടെ മകനാണ് ഇന്‍ഷുറന്‍സ് ഫയല്‍ ചെയ്തത്. അതേസമയം ഇവിടെ വാഗ്ചൗറെയും മറ്റുള്ളവരും മരിച്ചയാളുടെ അന്ത്യകര്‍മങ്ങള്‍ വരെ നടത്തിക്കഴിഞ്ഞിരുന്നു.

വാഗ്ചൗറെ നേരത്തെയും ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനാല്‍ യുഎസ് ആസ്ഥാനമായുള്ള ഇന്‍ഷൂറന്‍സ് സ്ഥാപനത്തിന് സംശയം തോന്നി. തുടര്‍ന്ന് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കി ക്ലെയിം സ്ഥിരീകരിക്കാനായി കമ്പനി അന്വേഷണ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുഴുവന്‍ ഗൂഢാലോചനയും വെളിപ്പെടുകയും കമ്പനി തങ്ങളെ സമീപിക്കുകയായിരുന്നെന്നും അഹമ്മദ്നഗര്‍ പോലീസ് സൂപ്രണ്ട് മനോജ് പാട്ടീല്‍ പറഞ്ഞു.

വാഗ്ചൗറെയെ ഗുജറാത്തില്‍ നിന്നാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. സഹായികളായ സന്ദീപ് തലേക്കര്‍, ഹര്‍ഷാദ് ലഹാമഗെ, ഹരീഷ് കുലാല്‍, പ്രശാന്ത് ചൗധരി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി അഹമ്മദ്നഗര്‍ പോലീസ് സൂപ്രണ്ട് മനോജ് പാട്ടീല്‍ അറിയിച്ചു. 

സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും

Sukumara Kurup
സുകുമാരക്കുറുപ്പ് 

അബുദാബിയില്‍ ഏകദേശം 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയെടുത്ത സുകുമാരക്കുറുപ്പ് താന്‍ മരിച്ചുവെന്നു ബോധ്യപ്പെടുത്തി ഈ പണം ഭാര്യയ്ക്കു കിട്ടാന്‍ പദ്ധതി തയ്യാറാക്കി. തന്റെ ശരീരത്തിനോടു സാമ്യമുള്ള മൃതദേഹം കാറിലിട്ടു കത്തിച്ച് മരിച്ചതു താനാണെന്നു വരുത്താനായിരുന്നു പദ്ധതി. അളിയന്‍ ഭാസ്‌കരപിള്ള, ഡ്രൈവര്‍ പൊന്നപ്പന്‍, അബുദാബിയില്‍ ഒപ്പം ജോലി ചെയ്തിരുന്ന ഷാഹു എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്.

ഇതിനായി 1984 ജനുവരി 21-ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും മൃതദേഹം സംഘടിപ്പിക്കാനായില്ല. ഇതേത്തുടര്‍ന്ന് രൂപസാദ്യശ്യമുള്ളയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇത്തരമൊരാളെ കണ്ടെത്താന്‍ കുറുപ്പും സുഹൃത്തുക്കളും രണ്ട് കാറുകളിലായി ദേശീയപാതയിലൂടെ രാത്രി നടത്തിയ യാത്രയിലാണ് കരുവാറ്റയില്‍ വച്ച് ചാക്കോയെ കണ്ടത്. ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ രാത്രി വീട്ടിലേക്കു മടങ്ങാന്‍ വാഹനം കിട്ടാത്തതിനാല്‍ ഇവരുടെ കാറിനു കൈകാണിക്കുകയായിരുന്നു. ചാക്കോയെ കയറ്റിയ കാറില്‍ കുറുപ്പിന്റെ സഹായികളാണുണ്ടായിരുന്നത്.

പിന്നിലായി മറ്റൊരു കാറില്‍ കുറുപ്പും. ചാക്കോയ്ക്ക് ഈഥര്‍ കലര്‍ത്തിയ മദ്യം കൊടുത്തശേഷം ഭാസ്‌കരപിള്ള കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തി. ഇതിനുശേഷം ചെറിയനാട്ടെ സുകുമാരക്കുറുപ്പിന്റെ വീട്ടിലെത്തി ചാക്കോയെ കുറുപ്പിന്റെ വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷം കൊല്ലകടവിലെത്തി കാറിന്റെ ഡ്രൈവിങ്ങ് സീറ്റിലിരുത്തി നെല്‍പ്പാടത്തേക്കു തള്ളിവിട്ടു. ഇതിനുശേഷം പെട്രോളൊഴിച്ച് കാര്‍ കത്തിച്ചു. ഇതെല്ലാം ചെയ്യുമ്പോള്‍ ഈ സംഘം കൈയില്‍ ഗ്ലൗസ് ധരിച്ചിരുന്നു ഇതിലൊന്നാണ് കാറിനടുത്തുനിന്നു കിട്ടിയത്. കാര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീ പടര്‍ന്ന് ഇവര്‍ക്കും പൊള്ളലേറ്റു. ഇതിനിടെ ഗ്ലൗസ് കാറിനടുത്ത് പെട്ടുപോകുകയായിരുന്നു.

അടുത്തദിവസം രാവിലെ കത്തിയ കാര്‍ കണ്ട നാട്ടുകാര്‍ക്ക് ഗ്ലൗസ് കണ്ടപ്പോള്‍ കൊലപാതകസാധ്യത മനസ്സിലായി. പിന്നീട് അന്വേഷണം വളരെ വേഗത്തില്‍ നടന്നു. ഷാഹുവിനെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ ഗൂഢാലോചന മുതലുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു. കേസില്‍ ഇയാള്‍ മാപ്പുസാക്ഷിയാകുകയും ചെയ്തു. എന്നാല്‍ സുകുമാര കുറുപ്പിനെ ഇന്നും പോലീസിന് പിടികൂടാനായിട്ടില്ല. 

ഉത്ര വധക്കേസ് 

2020 മെയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയത്. ഇതിന് മുന്‍പും സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും ഉത്ര അന്ന് രക്ഷപ്പെട്ടു. ഇതോടെ പ്രതി മൂര്‍ഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഉത്രയുടെ സ്വത്ത് സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം.

Content Highlights: Sukumara Kurup model murder at Maharashtra all accused arrested after trying to fake death