മുംബൈ: ഭീമ കൊറേഗാവ് കേസില്‍ സാമൂഹിക പ്രവര്‍ത്തക സുധാ ഭരദ്വാജിന് സ്വാഭാവിക ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ബുധനാഴ്ച സുധയ്ക്ക് ജാമ്യം അനുവദിച്ചത്. 

എന്നാല്‍ സുധ ഉടന്‍ ജയില്‍മോചിതയാവില്ല. ഡിസംബര്‍ എട്ടിന് സുധയെ പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കും. ശേഷം ജാമ്യവ്യവസ്ഥകളില്‍ തീര്‍പ്പാക്കിയതിനു ശേഷം മാത്രമേ അവരെ മോചിപ്പിക്കുകയുള്ളൂ. 2018-ലാണ് കേസില്‍ സുധാ ഭരദ്വാജ് അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ഇക്കാലമത്രയും ജയിലിലായിരുന്നു. 

വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, റോണ വില്‍സണ്‍, വരവര റാവു എന്നിവര്‍ ഉള്‍പ്പെടെ കൂട്ടുപ്രതികളായ എട്ടുപേര്‍ കൂടി സ്വാഭാവിക ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അവരുടെ അപേക്ഷ കോടതി തള്ളി. 

2018 ജനുവരി ഒന്നിന്, ഭീമാ കൊറേഗാവ് യുദ്ധത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിലെ സംഘര്‍ഷമാണ് കേസിന് ആധാരം. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡെ, എന്‍.ജെ. ജമാദാര്‍ എന്നിവരുടെ ബെഞ്ചാണ് സുധയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഓഗസ്റ്റ് നാലിന് വാദം പൂര്‍ത്തിയായെങ്കിലും വിധി  പ്രസ്താവം നീട്ടിവെച്ചു. എന്‍.ഐ.എ. സുധയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു.

content highlights:L sudha bharadwaj gets default bail