ന്യൂഡല്‍ഹി: ഏഴ് ലോക്‌സഭാ എംപിമാരുടെയും 98 എംഎല്‍എമാരുടെയും സ്വത്തില്‍ പെട്ടന്നുണ്ടായ വളര്‍ച്ച അന്വേഷിക്കണമെന്ന് കേന്ദ്ര നികുതി മന്ത്രാലയം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. 

വരുമാന വര്‍ധനയുണ്ടായ എംപിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ മുദ്രവെച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര നികുതി വകുപ്പ് അറിയിച്ചു. 

ജനപ്രതിനിധികളുടെ ആസ്തി സംബന്ധിച്ച് ആദായനികുതി വകുപ്പ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് എംപിമാരുടെ സ്വത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ വളര്‍ച്ചയുണ്ടായതായും എംഎല്‍എമാരുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായും കണ്ടെത്തിയിരുന്നു.

എന്നാല്‍, ലക്‌നൗ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നടത്തിയ അന്വേഷണത്തില്‍ 26 ലോക്‌സഭാ എംപിമാരും 11 രാജ്യസഭാ എംപിമാരും 257 എംഎല്‍എമാരും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ സ്വത്ത് വിവരത്തില്‍ നിന്ന് കുത്തനെയുള്ള വളര്‍ച്ചയാണ് ഉണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. 

ഒന്‍പത് ലോക്‌സഭാ എംപിമാരുടെയും, 11 രാജ്യസഭാ എംപിമാരുടെയും 42 എംഎല്‍എമാരുടെയും സ്വത്തുവിവരങ്ങളും അന്വേഷിച്ചു വരുന്നതായി കേന്ദ്ര നികുതി വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചു.