ന്യൂഡല്‍ഹി: ആര്‍.ബി.ഐയുടെ ഇരുപത്തഞ്ചാം ഗവര്‍ണ്ണറായി നിയമിതനായ ശക്തികാന്ത ദാസിനെതിരെ ആരോപണവുമായി ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി. ശക്തികാന്ത ദാസിന്റെ നിയമനം തെറ്റായ നടപടിയാണെന്ന് വ്യക്തമാക്കിയ സുബ്രമണ്യന്‍ സ്വാമി ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും ചെയ്തു.

മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ അഴിമതി ഇടപാടുകളുടെ പങ്കാളിയാണ് ശക്തികാന്ത ദാസ്. ചിദംബരത്തെ കേസുകളില്‍  നിന്ന് രക്ഷിക്കാനും ദാസ് ഇടപെട്ടെന്നും സുബ്രമണ്യന്‍ സ്വാമി ആരോപിച്ചു. 

ചൊവ്വാഴ്ചയാണ് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്ന് മുന്‍ ധനകാര്യ ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ സര്‍ക്കാര്‍ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചത്. സര്‍ക്കാരുമായുള്ള നിരന്തര അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഊര്‍ജിത്ത് പട്ടേല്‍ രാജി വെച്ചത്.

നേരത്തെ ഊര്‍ജിത്ത് പട്ടേല്‍ രാജിവെച്ചതിലും സുബ്രമണ്യന്‍ സ്വാമി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈര്‍ജിത്തിന്റെ രാജി ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഗുണകരമാകില്ലെന്നായിരുന്നു സ്വാമിയുടെ പ്രതികരണം. 

content highlights: Subramanian Swamy opposes Shaktikanta Das' appointment as RBI governor