ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വകലാശാല കാമ്പസില്‍ രാത്രിയിലും വിദ്യാര്‍ഥികളുടെ പ്രതിഷേധം. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരേ പോലീസ് അതിക്രമമുണ്ടായതോടെയാണ് മദ്രാസ് സര്‍വകലാശാലയിലും സമരം ശക്തമാക്കിയത്. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാലയ്ക്ക് ഡിസംബര്‍ 23 വരെ രജിസ്ട്രാര്‍ അവധി പ്രഖ്യാപിച്ചു. 

ചൊവ്വാഴ്ച പോലീസ് പിടികൂടിയ രണ്ട് വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബീച്ച് റോഡ് വഴി സര്‍വകലാശാലയിലേക്ക് എണ്‍പതോളം വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇവരില്‍ രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് കാമ്പസില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായത്. ഇതിനിടെ സര്‍വകലാശാല രജിസ്ട്രാറും സിന്‍ഡിക്കറ്റ് അംഗവും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

രാത്രിയും കാമ്പസിനകത്ത് വിദ്യാര്‍ഥി സമരം തുടരുന്നതിനാല്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെ കാമ്പസിന് പുറത്തായിരുന്ന പോലീസ് സംഘം പിന്നീട് കാമ്പസിനുള്ളില്‍ പ്രവേശിച്ച് നിലയുറപ്പിച്ചു. 

കഴിഞ്ഞദിവസവും മദ്രാസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയിരുന്നു. മദ്രാസ് ഐഐടി, ലയോള കോളേജ് തുടങ്ങിയ കാമ്പസുകളിലെ വിദ്യാര്‍ഥികളും കഴിഞ്ഞദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

Content Highlights: students protest in madras university campus over citizenship amendment act