-
ന്യൂഡല്‍ഹി: എന്‍ജിനീയറിങ് കോളേജുകളിലെ ബി ടെക് കോഴ്സുകളുടെ പരീക്ഷ ഓഫ് ലൈനായി നടത്താനുള്ള കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍. ടിപിആര്‍ പത്ത് ശതമാനത്തില്‍ കൂടുതലുള്ള സംസ്ഥാനത്ത് ഓഫ് ലൈനായി പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. ക്വാറന്റീനില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലെയും ബിടെക് കോഴ്സുകളുടെ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കുറഞ്ഞെങ്കിലും കേരളത്തില്‍ കുറഞ്ഞിട്ടില്ല. ഇത് വരെ 120 എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓഫ് ലൈനായി നടത്തുന്ന പരീക്ഷ എഴുതാന്‍ കോളേജുകളില്‍ എത്തുന്നത് സുരക്ഷിതമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളില്‍ പഠിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ എത്തുക പ്രയാസമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി പരീക്ഷ നടത്തുന്നതിനുള്ള സോഫ്റ്റ്വെയര് ഇതിനോടകം തന്നെ സാങ്കേതിക സര്‍വകലാശാല പണം നല്കി വാങ്ങിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, യുജിസി, എഐസിടിഇ, സാങ്കേതിക സര്‍വ്വകലാശാല, എന്നിവരെ എതിര് കക്ഷികളാക്കിയാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പാറ്റൂര്‍ ശ്രീ ബുദ്ധ എന്‍ജിനീയറിങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ഹരി കൃഷ്ണന്.ആര്, തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഷാഹനാദ്, തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി വിശ്വജിത്.കെ കൃഷ്ണ, കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളേജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി അന്‍ഫാസ് എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.അഭിഭാഷകന് രഞ്ജിത് മാരാരാണ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..