Photo : Twitter / @hrcduofficial
ന്യൂഡല്‍ഹി: ക്യാമ്പസിനുള്ളില്‍ സസ്യേതരഭക്ഷണം നിര്‍ത്തലാക്കിയതിനെതിരെ ഡല്‍ഹി സര്‍വകലാശാലയിലെ ഹന്സ്രാജ് കോളേജില്‍ പ്രതിഷേധസമരത്തിന് ആഹ്വാനം. സ്റ്റുഡന്റ് ഫെഡറേഷന് ഓഫ് ഇന്ത്യ (എസ്എഫ്ഐ) പ്രവര്‍ത്തകരായ വിദ്യാര്‍ഥികളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്ഥാപനത്തില്‍ കാവിവത്കരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
കോളേജ് ക്യാമ്പസിനുള്ളില്‍ സസ്യേതരഭക്ഷണത്തിന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും ജനുവരി 20-ന് കോളേജ് ഹോസ്റ്റലിന് മുന്നില്‍ പ്രതിഷേധസമരം നടക്കുമെന്നും ഹന്‍സ് രാജ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കോവിഡ് കാലത്തിനുശേഷം കഴിഞ്ഞകൊല്ലം ഫെബ്രുവരിയില്‍ കോളേജിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെയാണ് കാന്റീനിലും ഹോസ്റ്റലിലും സസ്യേതരഭക്ഷണം നിര്‍ത്തലാക്കിയതെന്നും ഇതുസംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഹോസ്റ്റലില്‍ മുട്ട കൊണ്ടുവന്ന വിദ്യാര്‍ഥികളില്‍നിന്ന് കോളേജ് അധികൃതര്‍ അവ പിടിച്ചെടുത്തതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഹന്സ്രാജ് ഹോസ്റ്റലിലെ 75 ശതമാനം വിദ്യാര്‍ഥികളും സസ്യേതരവിഭവങ്ങള്‍ കഴിക്കുന്നവരാണെന്ന് സര്‍വേയിലെ കണക്ക് ചൂണ്ടിക്കാട്ടി വിദ്യാർഥികള്‍ പറയുന്നു. എന്നാല്‍ 90 ശതമാനം വിദ്യാര്‍ഥികള്‍ സസ്യഭുക്കുകളാണെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ രാമ ശര്‍മയുടെ അവകാശവാദം.
സാംസ്കാരിക ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ക്യാമ്പസിനുള്ളില്‍ ഉയര്‍ന്ന പ്രതിഷേധസ്വരങ്ങള്‍ അടിച്ചമര്‍ത്തുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു. കോളേജ് ക്യാമ്പസ് കാവിവത്കരിക്കുന്നതിനുള്ള നീക്കമാണ് എതിര്വിദ്യാര്ഥിസംഘത്തിന്റേയും കോളേജ് അധികൃതരുടേയും നിലപാട് വ്യക്തമാക്കുന്നതെന്നും എസ്എഫ്ഐയുടെ പ്രസ്താവനയില്‍ പറയുന്നു.
Content Highlights: Student Group Plans To Protest, Non-Veg Food Ban, Hansraj College Delhi University
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..