'പ്രതിരോധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്ന അവകാശവാദം, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദക രാജ്യങ്ങളിലൊന്നെന്ന ഖ്യാതി, മൂല്യങ്ങള്‍ക്ക് ജീവിതത്തില്‍ പ്രമുഖസ്ഥാനം നല്‍കുന്ന ഒരു സംസ്‌കാരമെന്ന് കീര്‍ത്തി- ഇവയൊക്കെ വെറും പൊള്ളത്തരങ്ങള്‍ മാത്രമാണെന്ന് തുറന്നു കാട്ടി മഹാമാരിയുടെ രണ്ടാം തരംഗം അനുകമ്പയില്ലാതെ രാജ്യമൊട്ടാകെ അലയടിക്കുകയാണ്. ഉയിരുകള്‍ ഇല്ലാതാകുമ്പോള്‍ ഇവയ്ക്ക് എന്താണ് പ്രസക്തി? വെറുമൊരു നിശ്വാസത്തിന്റെ തുമ്പത്തിരിക്കുന്ന ഈ മേന്മകളെല്ലാം വെറും പൊങ്ങച്ചങ്ങള്‍ മാത്രമാണ്.'

തന്റെ കോളേജിലെ ഏറ്റവും മിടുക്കനായ ഒരു വിദ്യാര്‍ഥിയുടെ മരണത്തില്‍ ഹൃദയം പിടഞ്ഞ് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍ വര്‍ഗീസ് കോളേജ് വെബ്‌സൈറ്റില്‍ കുറിച്ച വാക്കുകളാണിത്. 'സാധാരണ ജനങ്ങളുടെ ദുരിതവും മരണവും ഒരു തരത്തിലും ഏശാത്ത, എല്ലാം കണ്ണടച്ചിരുട്ടാക്കുന്ന നേതാക്കളുടെ പൊള്ളയായ വാദങ്ങള്‍ നമ്മെ കൂടുതല്‍ അപകടത്തിലേക്ക് ഗതി മാറ്റുകയാണ് ചെയ്യുന്നത്.' കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഒരു പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  

മേയ് 25-നാണ് പത്തൊമ്പതുകാരനായ സത്യം ഝാ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. അധ്യാപകരുടെ വാക്കുകളില്‍ 'അതിസമര്‍ഥനായ ഒരു വിദ്യാര്‍ഥി.' ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ സത്യം കോളേജ് ഡിബേറ്റിങ്‌ സൊസൈറ്റിയിലെ അംഗമായിരുന്നു. ഹിസ്റ്ററി ഡിപാര്‍ട്ട്‌മെന്റ് പുറത്തിറക്കുന്ന താരിഖ് എന്ന ജോണലിന്റെ എഡിറ്ററായിരുന്നു. കോളേജിലെ ഗാന്ധി-അംബേദ്കര്‍ സ്റ്റഡി സര്‍ക്കിളിന്റെ കൗണ്‍സില്‍ അംഗമായിരുന്നു, കൂടാതെ എസ്എഫ്‌ഐ ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ ഭാഗവുമായിരുന്നു, പക്ഷെ, കോവിഡ് മൂലം കോളേജുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഒരു ദിവസം പോലും താന്‍ ചേര്‍ന്ന കോളേജില്‍ നേരിട്ടെത്തി ക്ലാസിലിരിക്കാനാവാതെയാണ് സത്യം പോയത്. 

തന്റെ മൂത്ത സഹോദരനായ ശുഭം മെഡിക്കല്‍ പഠനപ്രവേശനത്തിനായി തയ്യാറെടുക്കുന്നതിനാല്‍ രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് സത്യം ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തിരുന്നത്. കോട്ടയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സയിലെങ്കിലും പിന്നീട്  ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സത്യത്തിനെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. ഓക്‌സിജന്‍ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് സത്യം മരണത്തിന് കീഴടങ്ങി. 

സത്യത്തിന്റെ ജീവിതം പുസ്തകങ്ങള്‍ക്ക് നടുവിലായിരുന്നുവെന്ന് ശുഭം ഓര്‍മിക്കുന്നു. പിറന്നാളിന് താന്‍ വാച്ചോ ഫോണോ സമ്മാനമായി ആവശ്യപ്പെടുമ്പോള്‍ അനുജന്‍ പുസ്തകങ്ങളാണ് ചോദിച്ചിരുന്നതെന്നും അവന്റെ മുറി ഒരു ലൈബ്രറിയായിരുന്നുവെന്നും ശുഭം പറയുന്നു. വാക്‌സിന് വേണ്ടി അപേക്ഷിച്ചിരുന്നെങ്കിലും ഇതു വരെ സ്ലോട്ട് ലഭിച്ചില്ലെന്ന് ശുഭം നിരാശയോടെ പറയുന്നു. അനുജന്റെ മരണത്തോടെ ഡോക്ടറാവണമെന്നുള്ള തന്റെ ആഗ്രഹം ദൃഢനിശ്ചയമായി എടുത്തിരിക്കുകയാണ് ശുഭം.

Content Highlights: Student dies of Covid-19 St Stephen’s principal’s lament ‘blind leaders immune’