മദ്രാസ് ഐ.ഐ.ടി | ഫോട്ടോ: മാതൃഭൂമി
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പുഷ്പക് ശ്രീ സായ് ആണ് മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിയാണ് മരിച്ച വിദ്യാര്‍ഥി. ഐ.ഐ.ടിയില്‍ ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.
അളകനന്ദ ഹോസ്റ്റല്‍ മുറിയില്‍ തിങ്കളാഴ്ച രാത്രിയാണ് വിദ്യാര്‍ഥി തൂങ്ങിമരിച്ചത്. ഇന്നു രാവിലെ കുട്ടിയെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് മറ്റു കുട്ടികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
നിര്‍ഭാഗ്യകരമായ മരണമാണ് സംഭവിച്ചത് എന്നായിരുന്നു ഐ.ഐ.ടി അധികൃതരുടെ പ്രതികരണം. ഫെബ്രുവരിയില്‍ സ്റ്റീവന്‍ സണ്ണി എന്ന മഹരാഷ്ട്ര സ്വദേശിയായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. ഇത്തരത്തില്‍ മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥികളുടെ മരണം തുടര്‍ക്കഥയാകുന്നതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പടെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് സംഘടിപ്പിക്കുന്നത്. പഠന സമ്മര്‍ദം വിദ്യാര്‍ഥികള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. അതോടൊപ്പം ഇത്തരം സംഭവങ്ങളിലൊന്നും കൃത്യമായ അന്വേഷണം നടന്നില്ല എന്നും പരാതിയുണ്ട്. നേരത്തെ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിയായ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ മാത്രമാണ് തുടരന്വേഷണമുണ്ടായത്. തുടര്‍നടപടികള്‍ ഇല്ലാത്തതാണ് ഇത്തരത്തില്‍ മരണങ്ങള്‍ ക്യാമ്പസില്‍ തുടര്‍ക്കഥയാകുന്നത് എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: student dies, suicide, iit, madras, second incident in a month
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..