ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജികളിൽ സുപ്രീം കോടതി മൂന്ന് വിദ്യാർത്ഥി നേതാക്കൾക്ക് നോട്ടീസ് അയച്ചു. ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. എന്നാൽ ഡൽഹി ഹൈക്കോടതി ഉത്തരവ് മറ്റ് കേസുകൾക്ക് കീഴ്വഴക്കം ആകരുത് എന്ന് സുപ്രീം കോടതി നിർദേശിച്ചു.

ജാമ്യം അനുവദിച്ചതിന് എതിരെ ഡൽഹി പോലീസ് നൽകിയ ഹർജിയിൽ നടാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൽഹ എന്നിവർക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ നാല് ആഴ്ചത്തെ സമയം വിദ്യാർത്ഥി നേതാക്കൾക്ക് കോടതി അനുവദിച്ചു. എന്നാൽ വിദ്യാർത്ഥികൾ ജാമ്യത്തിൽ ഇറങ്ങിയതിനാൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസ്സമ്മതിച്ചു.

ജാമ്യ അപേക്ഷയിൽ യു എ പി എ നിയമത്തിന്റെ സാധുത പരിശോധിച്ച ഹൈക്കോടതി നടപടിയിൽ കോടതി അത്ഭുതം രേഖപ്പെടുത്തി. രാജ്യത്ത് ആകമാനം ഉള്ള യുഎപിഎ കേസ്സുകളിൽ ഈ ഉത്തരവ് സ്വാധീനം ചെലുത്തുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതേത്തുടർന്നാണ് ഡൽഹി ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകളിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ മറ്റ് കേസുകൾക്ക് ഈ ഉത്തരവ് ബാധകമാക്കരുത് എന്ന് കോടതി നിർദേശിച്ചത്. 

ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാൻ ഉള്ള അവകാശം എന്നത് ബോംബ് സ്ഫോടനം നടത്താനും, കലാപം ഉണ്ടാക്കാനും ഉള്ള സ്വാതന്ത്ര്യം അല്ലെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.