ന്യൂഡല്‍ഹി: കന്റോണ്‍മെന്റിന് സമീപം ഒമ്പതുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഡല്‍ഹി പോലീസിനെതിരേ ആരോപണവുമായി കുടുംബം. കേസില്‍ പ്രതികളെ രക്ഷിക്കാനാണ് ഡല്‍ഹി പോലീസ് ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. തങ്ങളുടെ മകള്‍ പീഡിപ്പിക്കപ്പെട്ടിട്ടും ഷോക്കേറ്റാണ് മരിച്ചതെന്ന് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്നും കുടുംബം പറയുന്നു. 

മകളുടെ മൃതദേഹം സംസ്‌കരിക്കുന്ന വിവരമറിഞ്ഞ് ശ്മശാനത്തിലെത്തിയപ്പോള്‍ പൂജാരിയാണ് മരണവിവരം പറഞ്ഞത്. ചിതയില്‍ വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞുവെന്നും മാതാപിതാക്കള്‍ പറയുന്നു. തങ്ങളുടെ മകളുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ടായിരുന്നു. പൂജാരി രാധേശ്യാം ആണ് മകളെ ബലാത്സംഗം ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

കൈയില്‍ വലിയ മുറിവുണ്ടായിരുന്നു. ചുണ്ടുകള്‍ നീല നിറത്തിലും നാവ് പുറത്തേക്ക് തള്ളിയ അവസ്ഥയിലുമായിരുന്നു മൃതദേഹം. മകളുടെ നീതിക്ക് വേണ്ടി നിയമപോരാട്ടം നടത്തുമെന്നും വിജയം വരെ അത് തുടരുമെന്നും മാതാപിതാക്കള്‍ പറഞ്ഞു. 

സംഭവത്തില്‍ പൂജാരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പെണ്‍കുട്ടിയുടെ ശവസംസ്‌കാരം നടത്തിയതില്‍നിന്നു കാലിന്റെ ഒരു ഭാഗം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇത് പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഒപ്പം ഫൊറന്‍സിക് പരിശോധനയും നടത്തും.

അതേസമയം, പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധം വ്യാപകമാണ്. ഹത്രാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോഴുണ്ടായതിന് സമാനമായ പ്രതിഷേധമാണ് ഡല്‍ഹിയില്‍ ഉയരുന്നത്. ജനക്പുരിയിലെ പ്രധാന റോഡിലാണ് പ്രതിഷേധം ഉയരുന്നത്. റോഡ് ഉപരോധിച്ചുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധക്കാര്‍ എത്തുന്നുണ്ട്.

രാവിലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു. അടച്ചിട്ട വാഹനത്തിലായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. കുടുംബത്തിന് നീതി കിട്ടിയില്ലെന്നും അത് ലഭ്യമാകുന്നത് വരെ അവര്‍ക്കൊപ്പമുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും രാഹുല്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷത്തെ മറ്റ് നേതാക്കളും ഒപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കുടുംബത്തെ സന്ദര്‍ശിക്കുമെന്നാണ് സൂചന. പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാ പിന്തുണയും ഡല്‍ഹി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Content Highlights: Strong protest against Delhi police in nine year old girl rape case