തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിനിടെ വി.ഡി സതീശന്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് സഭയില്‍ ബഹളം. കെ.എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയില്‍ സഭയ്ക്കുള്ളില്‍ ഉണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ വിഡി സതീശന്‍ എംഎല്‍എ നടത്തിയ പരാമര്‍ശമാണ് സഭയില്‍ രൂക്ഷമായ ബഹളത്തിനിടയാക്കിയത്. 

പൊതുമുതല്‍ നശിപ്പിക്കല്‍ കേസ് കൂടാതെ പ്രതിപക്ഷത്തുണ്ടായിരുന്ന വനിതാ അംഗങ്ങള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരായി നല്‍കിയ കേസ് സംബന്ധിച്ചായിരുന്നു വി.ഡി സതീശന്‍ എംഎല്‍എയുടെ പരാമര്‍ശം. 

പരാതിയില്‍ പറയുന്നതുപോലെ അന്നത്തെ ഭരണപക്ഷ എംഎല്‍എമാര്‍ മാനംഭംഗപ്പെടുത്താനോ ബലാത്സംഗം ചെയ്യാനോ ശ്രമിച്ചു എന്ന് നിയമത്തിന്റെ മുന്നില്‍ തെളിയിക്കാന്‍ കഴിഞ്ഞാല്‍ ആരോപണവിധേയരായവര്‍ക്കെതിരെ എന്ത് നടപടിവേണമെങ്കിലും എടുക്കാം എന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇതിനെതിരെ  ഇഎസ് ബിജിമോള്‍ എംഎല്‍എ പ്രതിഷേധിച്ചു. 

വി.ഡി സതീശന്‍ നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്നും ഇത് സഭാരേഖകളില്‍നിന്ന് നീക്കണമെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു. നിയമമന്ത്രി എകെ ബാലന്‍ അടക്കമുള്ളവരും ഇടപെട്ടതോടെ സഭയില്‍ വലിയ ബഹളമായി. പരാമര്‍ശം നീക്കുന്ന കാര്യം പരിഗണിക്കാമെന്ന് അറിയിച്ച സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില‍് പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Content Highlights: Niyamasabha, v d satheesan