
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: തെരുവ് നായകള്‍ക്ക് ഭക്ഷണം ലഭിക്കുന്നതിനും പൗരന്മാര്ക്ക് അത് നല്കുന്നതിനുമുള്ള അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. മൃഗങ്ങളെ സംരക്ഷിക്കേണ്ടത് പൗരന്മാരുടെയും ധാര്‍മികമായ കടമയാണ്. വന്ധ്യംകരിക്കുകയും വാക്സിനേറ്റ് ചെയ്യുകയും ചെയ്ത തെരുവ് നായകളെ മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് പിടിച്ചുകൊണ്ട് പോകാന്‍ അവകാശമില്ല. കാരുണ്യം, ബഹുമാനം, അന്തസ്സ് എന്നിവ തെരുവ് നായകള്‍ക്ക് നല്‍കേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ജെ. ആര്. മിഥയുടെ സിംഗിള്‍ ബെഞ്ചാണ് തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. എല്ലായിടത്തും ഭക്ഷണം നല്കാന് പാടില്ല. ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തണം. റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളുമായി ചേര്‍ന്ന് ഭക്ഷണം നല്‍കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്താന്‍ ദേശീയ മൃഗക്ഷേമ ബോര്‍ഡിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.
റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ ഇല്ലാത്ത സ്ഥലത്ത് മുന്‍സിപ്പല്‍ കോര്‍പറേഷനുമായി സഹകരിച്ച് ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തണം. തെരുവ് നായകള്‍ ചെറിയ ഭൂപ്രദേശത്തിനുള്ളിലാണ് ജീവിക്കാറ്. അതിനാല്‍ അവര്‍ക്ക് ഭക്ഷണം നല്കുന്ന സ്ഥലവും ഈ പ്രദേശത്തിനുള്ളിലായിരിക്കണം. പ്രത്യേക സ്ഥലങ്ങളില്‍ ഭക്ഷണം നല്‍കുന്നവരെ ആരും തടയുന്നില്ലെന്ന് ഉറപ്പുരുത്തണമെന്ന് ഹൈക്കോടതി നിയമപാലകര്‍ക്ക് നിര്‍ദേശം നല്കി. ആവശ്യത്തിന് വെള്ളവും ഭക്ഷണവും തെരുവ് നായകള്‍ക്ക് കിട്ടുന്നു എന്ന് ഉറപ്പുരുത്തണമെന്നും മുന്‍സിപ്പല്‍ കോര്‍പറേഷനുകളോട് ഹൈക്കോടതി നിര്‍ദേശിച്ചു.
എല്ലാ റസിഡന്റ് അസ്സോസിയേഷനുകള്ക്കുളളിലും മൃഗ ക്ഷേമ സമിതികള്‍ രൂപവത്കരിക്കാന്‍ കോടതി നിര്‍ദേശിച്ചു. തെരുവുനായകള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നവര്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ അക്കാര്യം ആനിമല്‍ വെല്‍ഫെയര്‍ കമ്മിറ്റികളുടെ ശ്രദ്ധയില്‍ പെടുത്താം. ഏതെങ്കിലും ഒരു തെരുവ് നായക്ക് അസുഖമാണെങ്കില്‍ ചികിത്സ ഉറപ്പാക്കേണ്ടത് റസിഡന്റ് വെല്‍ഫയര്‍ അസോസിയേഷനുകളാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
Content Highlights: Street dogs have the right to food, do not stop those who give food - Delhi High Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..