തെരുവുനായ്ക്കളെ എന്ത് ചെയ്യും?; സുപ്രീംകോടതി ഉത്തരവ് 28-ന്


സ്വന്തം ലേഖകന്‍

'പ്രശ്‌നത്തില്‍ പരിഹാരം കണ്ടേ മതിയാവൂ'

ഫോട്ടോ: അഖിൽ ഇ.എസ്.

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ പ്രശ്‌നത്തില്‍ പരിഹാരം കണ്ടേ മതിയാവൂയെന്ന് സുപ്രീംകോടതി. പേ പിടിച്ചതും അക്രമകാരികളുമായ പട്ടികളെ എന്ത് ചെയ്യണമെന്നതുസംബന്ധിച്ച് ഈമാസം 28-ന് ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തെക്കുറിച്ച് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ഇടക്കാല ഉത്തരവ് എന്തായിരിക്കണമെന്നത് സംബന്ധിച്ച് കേസിലെ കക്ഷികള്‍ക്ക് മൂന്നു പേജില്‍ കവിയാതെ എഴുതി നല്‍കാനും പുതിയ ഹര്‍ജിക്കാര്‍ക്ക് കക്ഷിചേരാനും അനുമതി നല്‍കി. മൃഗങ്ങളുടെ ജനന നിയന്ത്രണച്ചട്ടം പാലിച്ചുകൊണ്ടും ജനങ്ങളുടെ പ്രയാസം കണക്കിലെടുത്തുകൊണ്ടുമുള്ള പരിഹാരമാണ് ഉദ്ദേശിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. തെരുവുനായകളെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവയെ പ്രത്യേക കേന്ദ്രത്തിലാക്കുകയോ മറ്റോ ചെയ്യാം. അതിന്റെ ഉത്തരവാദിത്വം അവരേറ്റെടുക്കണം. എന്നാല്‍, മൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുമ്പോഴും മറ്റും വലിയ എതിര്‍പ്പുണ്ടാവാനിടയുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി ഇടപെടണമെന്ന് കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയും സ്റ്റാന്‍ഡിങ് കോണ്‍സെല്‍ സി.കെ. ശശിയും ആവശ്യപ്പെട്ടു. വാക്‌സിന്‍ സ്വീകരിച്ച കുട്ടിപോലും മരിച്ചുവെന്നും കേരളത്തിലെ സ്ഥിതി അതിഗുരുതരമാണന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. വി.കെ. ബിജു ചൂണ്ടിക്കാട്ടി. സിരിജഗന്‍ കമ്മിറ്റിയോട് റിപ്പോര്‍ട്ട് തേടണമെന്ന ബിജുവിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

1000 വയല്‍ വാക്സിന്‍ ആശുപത്രികളില്‍നിന്ന് തിരിച്ചെടുക്കും

തിരുവനന്തപുരം: പേവിഷബാധക്കെതിരായ വാക്‌സിന്‍ ഗുണനിലവാരപരിശോധനയ്ക്ക് അയക്കുന്ന സാഹചര്യത്തില്‍ ആ ബാച്ചില്‍പ്പെട്ട അവശേഷിക്കുന്ന 1000 വയല്‍ വാക്‌സിന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ തിരികെവിളിക്കും.

കെ.ബി. 21002 ബാച്ചില്‍പ്പെട്ട 83000 വയലുകളാണ് (കുപ്പി) സംസ്ഥാനത്ത് വാങ്ങിയിരുന്നത്. ഇവ കേന്ദ്ര ഡ്രഗ്സ് ലാബിന്റെ പരിശോധനാ സര്‍ട്ടിഫിക്കറ്റുള്ളതായിരുന്നു. ഇതില്‍ 1000 വയലുകളാണ് ആശുപത്രികളിലും വെയര്‍ ഹൗസുകളിലുമായി അവശേഷിക്കുന്നത്. ഈ മരുന്ന് ഇനി കുത്തിവെക്കരുതെന്നും എത്രയുംവേഗം പിന്‍വലിക്കാനും ആരോഗ്യവകുപ്പ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് നിര്‍ദേശംനല്‍കി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാനും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സാധാരണ നടപടിയാണെന്ന് മന്ത്രി വീണാജോര്‍ജ് പറഞ്ഞു.

ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം ഈ ബാച്ചില്‍പ്പെട്ട വയലുകള്‍ കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയില്‍ പരിശോധിച്ചിട്ടുള്ളതും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുള്ളതുമാണ് (ബാച്ച് നമ്പര്‍ കെ.ബി 21002, സര്‍ട്ടിഫിക്കറ്റ് തീയതി: 24 ജനുവരി 2022). ഗുണനിലവാര സര്‍ട്ടിഫിക്കറ്റുള്ള വാക്‌സിന്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുന്നതിനാല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസഹായം തേടിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാര്‍ രൂപവത്കരിച്ച വിദഗ്ധസമിതി വാക്‌സിനെടുത്ത വ്യക്തികളിലെ ആന്റിബോഡി സാന്നിധ്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ കസൗളി സെന്‍ട്രല്‍ ലാബിലാണ് വാക്‌സിന്‍ വീണ്ടും പരിശോധിക്കുക. ഈ ലാബില്‍ പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയ വാക്‌സിനുകള്‍ വീണ്ടും പരിശോധിക്കാന്‍ അവര്‍ തയ്യാറായേക്കില്ലെന്നതിനാലാണ് സംസ്ഥാനം കേന്ദ്രസഹായം തേടിയത്. തെരുവുനായ നിയന്ത്രണത്തിന് ഗോവയില്‍ നടപ്പാക്കിയ മിഷന്‍ റാബിസ് പദ്ധതി മാതൃകയാക്കുന്നത് മൃഗസംരക്ഷണവകുപ്പ് ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ചാപ്റ്റര്‍ ഇതിന് സാങ്കേതികസഹായം നല്കാമെന്ന് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ഇതുസംബന്ധിച്ച പ്രാഥമികചര്‍ച്ചകള്‍ നടത്തും.

Content Highlights: stray dogs Kerala Supreme Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented