പട്ന: സാമൂഹ്യമാധ്യമങ്ങള്‍ അടക്കമുള്ളവയിലൂടെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ സാധാരണക്കാര്‍ വീണുപോകുന്നത് പതിവാണ്. ബിഹാറില്‍നിന്ന് വരുന്നത് ഇക്കൂട്ടത്തില്‍ അതിവിചിത്രമായ ഒരു വാര്‍ത്തയാണ്. സിതാമാര്‍ഹി ജില്ലയിലാണ് സംഭവം അരങ്ങേറിയതെന്ന് ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പെട്ടെന്ന് പ്രദേശത്തെ കടകളില്‍ പാര്‍ലെ-ജി ബിസ്‌കറ്റ് വന്‍തോതില്‍ ആവശ്യക്കാര്‍ ഏറി. ചെറിയ കടകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ബിസ്‌കറ്റ് പാക്കറ്റുകള്‍ ആളുകള്‍ കൂട്ടത്തോടെ വന്നു വാങ്ങാന്‍ തുടങ്ങിയതോടെ കടക്കാര്‍ അമ്പരന്നു. വിശ്വാസികള്‍ക്കിടയില്‍ കാട്ടുതീ പോലെ പ്രചരിച്ച ഒരു കിംവദന്തിയാണ് ബിസ്‌കറ്റ് കച്ചവടക്കാര്‍ക്ക് ഗുണമായത്.

ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് മൈഥിലി, മഗധി, ഭോജ്പുരി ഭാഷകള്‍ സംസാരിക്കുന്ന വിഭാഗങ്ങള്‍ക്കിടയിലുള്ള ആഘോഷമാണ് ജിതിയ. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തില്‍ മക്കളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി അമ്മമാര്‍ ഒരു ദിവസം നീളുന്ന വ്രതം എടുക്കാറുണ്ട്. 

ഈ ആഘോഷവുമായി ബന്ധപ്പെട്ടാണ് വിശ്വാസികള്‍ക്കിടയില്‍ ഒരു കിംവദന്തി പ്രചരിച്ചത്. ഈ ആഘോഷ ദിവസങ്ങളില്‍ ആണ്‍കുട്ടികള്‍ പാര്‍ലെ ജി ബിസ്‌കറ്റ് കഴിക്കണമെന്നും കഴിക്കാതിരുന്നാല്‍ ജീവിതത്തില്‍ വലിയ ദുരന്താനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു പ്രചാരണം. ഇത് ഒരു വിഭാഗം വിശ്വാസികള്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നാണ് കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ജനങ്ങള്‍ തിക്കിത്തിരിക്കാന്‍ തുടങ്ങിയത്.

സിതാമാര്‍ഹി ജില്ലയിലെ ബൈര്‍ഗാനിയ, ധൈന്‍ഗ്, നാന്‍പുര്‍, ദുമ്ര, ബജ്പട്ടി എന്നീ പ്രദേശങ്ങളിലാണ് ബിസ്‌കറ്റിനായുള്ള പരക്കംപാച്ചില്‍ അരങ്ങേറിയത്. തുടര്‍ന്ന് ഈ പ്രചാരണം അടുത്ത ഏതാനും ജില്ലകളിലും ഉണ്ടായി. ഇതോടെ പല കച്ചവടക്കാരും കരിഞ്ചന്തയില്‍ ബിസ്‌കറ്റ് വില്‍ക്കാന്‍ തുടങ്ങി. അഞ്ച് രൂപയുടെ ബിസ്‌കറ്റ് 50 രൂപയ്ക്കു വരെ വില്‍പന നടത്തിയതായി പ്രദേശവാസികള്‍ പറയുന്നു.

Content Highlights: Strange rumour increases sales of biscuit in Bihar