പ്രതീകാത്മക ചിത്രം, AI173 വിമാനത്തിലെ യാത്രക്കാർ | Photo: Regis Duvignau,https://twitter.com/1vincibl3
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലേക്ക് പറന്ന എയർ ഇന്ത്യയുടെ നോൺ സ്റ്റോപ് വിമാനം റഷ്യയിൽ ഇറക്കി. എഞ്ചിനിലെ സാങ്കേതിക തകരാറ് മൂലമാണ് റഷ്യയിലെ മാഗദാനിൽ വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ് എയർ ഇന്ത്യ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
216 യാത്രക്കാരും 16 ജീവനക്കാരുമായി പറന്ന എഐ 173 വിമാനമാണ് റഷ്യയിൽ ഇറക്കിയത്. ഇവരെ സുരക്ഷിത ഇടങ്ങളിൽ താമസിപ്പിച്ചതായി കുറിപ്പിൽ വ്യക്തമാക്കുന്നു. റഷ്യൻ തലസ്ഥാന നഗരിയായ മോസ്കോയിൽ നിന്ന് 10,000 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ യാത്രക്കാരുള്ളത്. വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിസന്ധിയും യാത്രക്കാർ നേരിടുന്നുണ്ട്. എല്ലാവരേയും താമസിപ്പിക്കാൻ തക്കതായ ഹോട്ടലുകളും മറ്റും സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ട് പ്രാദേശിക സർക്കാരിന്റെ സഹായത്തോടെ ഡോർമറ്ററികളിലും തൊട്ടടുത്തുള്ള സ്കൂൾ കെട്ടിടങ്ങളിലുമാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഒപ്പം തന്നെ, യാത്രക്കാർക്ക് ആവശ്യമായി ഭക്ഷണവും മറ്റു പ്രാഥമികാവശ്യങ്ങൾക്കുവേണ്ട സാധനങ്ങളുമായി മുംബൈയിൽ നിന്ന് മറ്റൊരു വിമാനം റഷ്യയിലേക്ക് ഒരു മണിയോടു കൂടി തിരിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. നിലവിൽ വിമാനത്തിന്റെ തകരാര്‍ സംബന്ധിച്ചുള്ള പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കൻ പൗരന്മാരും വിമാനത്തിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ എത്ര പേർ വിമാനത്തിൽ ഉണ്ട് എന്ന കാര്യ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് നിരന്തരം സൂക്ഷ്മമായി വീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Stranded In Russia 232 Air India Passengers Wait For Replacement Aircraft
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..