അഗര്‍ത്തല: ത്രിപുരയിലും മധ്യപ്രദേശിലും കൊടുങ്കാറ്റ്. ത്രിപുരയിലെ ഖോവായില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ ഒരാള്‍ മരിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. വസ്തുവകകള്‍ക്ക് വ്യാപകനാശനഷ്ടമുണ്ടായിട്ടുണ്ട്.

പ്രദേശത്ത് മുഖ്യമന്ത്രി ബിപ്ലബ് ദേബ് സന്ദര്‍ശനം നടത്തി. ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊടുങ്കാറ്റിനെ തുടര്‍ന്ന് മധ്യപ്രദേശിലെ പോര്‍സയില്‍ വ്യത്യസ്ത അപകടങ്ങളില്‍ ഒരു സ്ത്രീയും കുട്ടിയും മരിച്ചു. വീട് തകര്‍ന്നു വീണതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും ജീവന്‍ നഷ്ടമായത്.

പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. കൂടാത മരങ്ങള്‍ കടപുഴകി വീണിട്ടുമുണ്ട്.

അതേസമയം രാജസ്ഥാനിലെ ബിക്കാനീര്‍ മേഖലയിലെ ഖാജുവാലയില്‍ കനത്തമണല്‍ക്കാറ്റ് വീശി.

പതിമൂന്ന് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ കാറ്റും മഴയുമുണ്ടാകുമെന്ന് ഞായറാഴ്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

content highlights:storm in tripura and madhyapradesh, sand storm in rajastan