നാഗ്പുര്‍: രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മൂത്രം ശേഖരിക്കുകയാണെങ്കില്‍ യൂറിയ ഇറക്കുമതി ഒഴിവാക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പുരിൽ നടന്ന മേയര്‍ ഇന്നവേഷന്‍ പുരസ്‌കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

ജൈവ മാലിന്യങ്ങളിൽ നിന്ന് ജൈവ ഇന്ധനങ്ങൾ നിർമിക്കുന്നതിനെക്കുറിച്ചാണ് ഉദാഹരണ സഹിതം മന്ത്രി വിശദീകരിച്ചതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.  മനുഷ്യമൂത്രം പോലും ഇപ്രകാരം ജൈവ ഇന്ധനമാക്കാമെന്നും അതിൽ നിന്ന് അമോണിയം സൾഫേറ്റും നൈട്രജനും വേർതിരിക്കാമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. 

നാം ഇപ്പോൾ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മൂത്രം ശേഖരിക്കുകയാണെങ്കില്‍ യൂറിയ ഇറക്കുമതി ചെയ്യേണ്ടി വരില്ല. മൂത്രത്തിൽ നിന്ന് യൂറിയ വേർതിരിക്കാം. ഇത്തരം അസാധാരണ ആശയങ്ങളായതിനാൽ ആരും തന്റെ ആശയങ്ങളുമായി സഹകരിക്കാനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിലുള്ളവർ പോലും അവ അംഗീകരിക്കില്ല. കാരണം എല്ലാവരും വണ്ടിക്കാളകളെപ്പോലെ ഇടംവലം തിരിയാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. 

കൂടാതെ മനുഷ്യ മുടിയിൽ നിന്നും അമിനോ ആസിഡ് വേർതിരിച്ച് എടുത്ത്  ജൈവ വളമായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അമിനോ ആസിഡ് ഉപയോഗിക്കുന്നത് കൊണ്ട് തന്റെ ഫാമിൽ 25 ശതമാനം വിളവർധനവ് ഉണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. ആവശ്യത്തിന് മുടി മഹാരാഷ്ട്രയിൽ ലഭിക്കാത്തതിനാൽ ഓരോ മാസവും തിരുപ്പതിയില്‍ നിന്ന് അഞ്ച് ട്രക്ക് മുടി വീതം വാങ്ങി തന്റെ ഫാക്ടറിയിൽ അമിനോ ആസിഡ് വേർതിരിച്ച് എടുക്കുകയാണെന്നും തന്റെ സ്ഥാപനത്തിന് ദുബായിൽ നിന്നും 180 കണ്ടയ്നർ അമിനോ ആസിഡിന് ഓർഡർ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തന്റെ മൂത്രം ശേഖരിച്ച് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തില്‍ വളമായി ഉപയോഗിച്ചപ്പോൾ മികച്ച ഫലം ലഭിച്ചതായി അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

Content Highlights: Store nation’s urine, end urea import’: Nitin Gadkari