ന്യൂഡല്‍ഹി: ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് ഡല്‍ഹി-ഉത്തര്‍പ്രദേശ് യമുന ഹൈവേയിലൂടെ ഹത്രാസിലേക്ക് രാഹുലും പ്രിയങ്കയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയാത്ര ആരംഭിച്ചു. എന്നാല്‍ യുപി പോലീസ് ഇവരെ വീണ്ടും തടഞ്ഞുവെന്നാണ് വിവരം.
കോവിഡ് പ്രതിരോധമെന്ന പേരില്‍ യുപി സര്‍ക്കാര്‍ ഹത്രാസിലും പരിസപ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിരിക്കുകയാണ്. അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ നേതാക്കളെ പോലീസ് തടഞ്ഞുനിര്‍ത്തിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധം ആരംഭിച്ചതോടെ വാഹനങ്ങള്‍ കടത്തിവിട്ടു. തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയില്‍ വാഹനവ്യൂഹം നിര്‍ത്തിയ ശേഷം രാഹുലും പ്രിയങ്കയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം നടക്കാന്‍ തുടങ്ങി. ഹത്രാസില്‍ നിന്ന് 142 കിലോമീറ്റര്‍ അകലെ നിന്നാണ് ഇവര്‍ നടത്തം ആരംഭിച്ചത്.
ഇന്ന് രാവിലെ മുതല്‍ ഹത്രാസില്‍ പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇവിടെ നിയന്ത്രണങ്ങളുണ്ടെന്നും ഒക്ടോബര്‍ 31 വരെ നീട്ടിയതായും യുപി പോലീസ് അവകാശപ്പെട്ടു. കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കൂട്ട ബലാത്സംഗം ചെയ്ത് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പവഗണിച്ച് യുപി പോലീസ് സംസ്‌കരിച്ചതിലും രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
മകളെ ആചാരമനുസരിച്ചു സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടും പോലീസ് കേട്ടിരുന്നില്ല. ആംബുലന്‍സിനു മുന്നില്‍ തടസ്സമുണ്ടാക്കിയും നടുറോഡില്‍ കിടന്നും പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും നടത്തിയ പ്രതിഷേധങ്ങള്‍ക്കും ഹത്രാസിലെ ഗ്രാമം പാതിരാത്രി സാക്ഷിയായിരുന്നു. രക്ഷിതാക്കളെ വീട്ടില്‍ പൂട്ടിയിട്ടാണ് പോലീസ് മൃതദേഹം ശ്മശാനത്തില്‍ കൊണ്ടുപോയി സംസ്‌കരിച്ചതെന്നാണ് ആരോപണം.
ജാതിവെറിയാണ് പെണ്‍കുട്ടിയോടുള്ള ക്രൂരതയ്ക്കു പിന്നിലെന്നു സംശയം ബലപ്പെട്ടിട്ടുണ്ട്. ഇരുനൂറോളം വീടുകളുള്ള ഗ്രാമത്തില്‍ നാലു ദളിത് കുടുംബങ്ങളേയുള്ളൂ. ബാക്കിയെല്ലാം ഉന്നതജാതിക്കാരാണ്.