ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി സമയം പാഴാക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. മറ്റൊരു നേതാവ് ആനന്ദ് ശര്‍മയുടെ പരസ്യ പ്രസ്താവനയ്ക്കുള്ള മറുപടിയായായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ബംഗാള്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്നതിനെതിരെയായിരുന്നു ആനന്ദ് ശര്‍മയുടെ ട്വീറ്റ്.

വ്യക്തിപരമായ സൗകര്യങ്ങള്‍ ലക്ഷ്യംവെച്ച് നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും നരേന്ദ്ര മോദിയെ സ്തുതിക്കുകുകയും ചെയ്യുന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നടപടി അവസാനിപ്പിക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യേണ്ടത്, അവരെ വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ല, അധീര്‍ രഞ്ജന്‍ ചൗധരി ട്വീറ്റില്‍ പറഞ്ഞു. ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ് എന്നിവരെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഇത്. 

ബിജെപിയുടെ വിഷലിപ്തമായ വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ പ്രതിജ്ഞാബദ്ധരാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍. ഈ ലക്ഷ്യത്തിനായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുകയും പാര്‍ട്ടിക്ക് പിന്തുണ നല്‍കുകയുമാണ് അവര്‍ ചെയ്യേണ്ടതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. 

ഗുലാം നബി ആസാദ് അടുത്തിടെ പ്രധാനമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ പോലുള്ള നേതാക്കളുടെ കാര്യത്തില്‍ അഭിമാനം തോന്നുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വം മാറണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ വിമത വിഭാഗത്തില്‍പെടുന്ന നേതാക്കളാണ് ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും. പാര്‍ട്ടി തീരുമാനങ്ങളെ പലപ്പോഴും വിമര്‍ശിച്ചിട്ടുള്ള നേതാക്കളുമാണ് ഇവര്‍. 

പശ്ചിമബംഗാളില്‍ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്നത് മതനിരപേക്ഷത സംബന്ധിച്ച് ഗാന്ധിയും നെഹ്‌റുവും മുന്നോട്ടുവെച്ച കോണ്‍ഗ്രസിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്ന് ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ പാടില്ല. എല്ലാ തരത്തിലുമുള്ള വര്‍ഗീയതയ്‌ക്കെതിരെയും നാം പോരാടണം. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാട് അപമാനകരമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Content Highlights: Stop Wasting Time Praising PM- Adhir Ranjan Chowdhury, Anand Sharma