പ്രതീകാത്മകചിത്രം | Mathrubhumi archives
ന്യൂഡല്‍ഹി: രാജ്യത്തെ കടുവ സങ്കേത കേന്ദ്രങ്ങളിലെ സഫാരികള്‍, മൃഗശാലകള്‍ എന്നിവ ഉടന്‍ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ചുമതലപ്പെടുത്തിയ ഉന്നത അധികാര സമിതി. കടുവ സങ്കേത കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള വന്യജീവികളുടെ വാസകേന്ദ്രങ്ങളില്‍ ടൂറിസം പ്രവൃത്തികള്‍ തടയണമെന്നും സമിതി ആവശ്യപ്പെട്ടു. ഇതിനായി നിലവിലെ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുകാനോ, ഭേദഗതി ചെയ്യാനോ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളില്‍ മൃഗങ്ങളെ രക്ഷിക്കുന്നതിനും, ചികിത്സിക്കുന്നതിനും, പുനരധിവസിപ്പിക്കുന്നതിനും മാത്രമേ അനുമതി നല്‍കാവൂ എന്നാണ് സമിതിയുടെ നിര്‍ദേശം. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് ബുധനാഴ്ച ജസ്റ്റിസുമാരായ ബി .ആര്‍ ഗവായ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിക്കും.
ദേശീയ കടുവ സംരക്ഷണ അതോറിറ്റി 2012-ല്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളിലാണ് കടുവ സങ്കേത കേന്ദ്രങ്ങളിലെ ബഫര്‍ മേഖലകളില്‍ സഫാരി നടത്താന്‍ അനുമതി നല്‍കിയത്. 2016, 19 എന്നീ വര്‍ഷങ്ങളില്‍ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തുവെങ്കിലും സഫാരി നടത്താനുള്ള അനുമതി തുടരുകയാണ് ഉണ്ടായത്. 2012-ല്‍ പുറത്തിറക്കിയ മാനദണ്ഡവും, 2016,19 വര്‍ഷങ്ങളില്‍ പുറത്തിറക്കിയ ഭേദഗതികളും പിന്‍വലിക്കണമെന്നാണ് സമിതിയുടെ ആവശ്യം.
1980-ലെ വനസംരക്ഷണ നിയമ പ്രകാരം വനമേഖലയില്‍ മൃഗശാലകള്‍ സ്ഥാപിക്കണമെണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. എന്നാല്‍ മൃഗശാലകള്‍ വനേതര പ്രവര്‍ത്തനം അല്ലെന്നും, അതിനാല്‍ അനുമതി ആവശ്യമില്ലെന്നും കഴിഞ്ഞ വര്‍ഷം കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഈ നിര്‍ദേശവും പിന്‍വലിക്കണമെന്ന് സമിതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് കടുവ സങ്കേത കേന്ദ്രത്തിന്റെ ബഫര്‍ സോണില്‍ സഫാരി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് തേടിയത്.
Content Highlights: tiger reserves safari supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..