പ്രതീകാത്മക ചിത്രം | Photo - PTI
മുംബൈ: കോവിഡ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളൊന്നും നടത്താന്‍ അനുവദിക്കരുതെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിച്ച കനത്ത ആഘാതം കണക്കിലെടുത്ത് മൂന്നാം തരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കം നടത്തേണ്ട സമയമാണിത്. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടത്തുന്ന റാലികള്‍ തടയണം. ഒരു കാരണവശാലും അവ അനുവദിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
'കോടതികള്‍ അടച്ച് അവിടെ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ ആയിരക്കണക്കിന് പേരെ ഉള്‍പ്പെടുത്തി റാലികള്‍ സംഘടിപ്പിക്കുന്നു. വിമാനത്താവളത്തിന് പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട റാലി അടുത്തിടെ നടന്നു. 25,000ത്തിലധികം പേരാണ് പങ്കെടുത്തത്. കോവിഡ് വ്യാപനം അവസാനിക്കുന്നതുവരെ അവര്‍ക്ക് കാത്തിരുന്നുകൂടെ ?' - കോടതി ചോദിച്ചു.
നവി മുംബൈ വിമാനത്താവളത്തിന് ബാലസാഹെബ് താക്കറെയുടെ പേര് നല്‍കുന്നതിനെതിരെ രണ്ട് ദിവസം മുമ്പ് നടന്ന റാലിയുടെ കാര്യമാണ് കോടതി ചൂണ്ടിക്കാട്ടിയത്. സോഷ്യലിസ്റ്റ് നേതാവ് ഡി.ബി പാട്ടീലിന്റെ പേര് വിമാനത്താവളത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. വിമാനത്താവള നിര്‍മാണത്തിന്റെ ആദ്യഘട്ടംപോലും പൂര്‍ത്തിയാകുന്നതിന് മുമ്പാണ് പേരിടുന്നതിനെച്ചൊല്ലിയുള്ള റാലി നടന്നത്. മറാഠ, ഒബിസി സംവരണം ആവശ്യപ്പെട്ടും റാലികള്‍ നടന്നു. ഇത്തരം റാലികളൊന്നും കോവിഡ് കാലത്ത് നടത്താന്‍ അനുവദിക്കരുതെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.
ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് കുല്‍കര്‍ണി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം. കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ പൂഴ്ത്തിവെക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഇത്. എല്ലാവരും ശ്രദ്ധനേടാന്‍ ശ്രമിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു.
'എല്ലാവര്‍ക്കും കുറച്ചുനാള്‍കൂടി കാത്തിരുന്നുകൂടേ ? വാക്‌സിനേഷന്‍ ക്യാമ്പുകള്‍ക്കല്ലേ പ്രാധാന്യം നല്‍കേണ്ടത്. രണ്ടാം തരംഗത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മൂന്നാം തരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ട സമയമാണിത്. രണ്ടാം തരംഗം ക്ഷണിച്ചുവരുത്തിയതാണ്. പിന്നീട് എന്ത് സംഭവിച്ചുവെന്ന് എല്ലാവരും കണ്ടതല്ലേ ? മൂന്നാം തരംഗത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയേണ്ടതുണ്ട്' - ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ അടക്കമുള്ളവ രണ്ടാം തരംഗത്തിന്റെ തീവ്രത വര്‍ധിപ്പിച്ചുവെന്ന വിമര്‍ശം ഉയരുന്നതിനിടെയാണ് ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശം.
Content Highlights: Stop political rallies during the pandemic - Bambay HC


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..