രവിശങ്കർ പ്രസാദ്, രാഹുൽ ഗാന്ധി | ഫോട്ടോ: പിടിഐ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തുടരെയുള്ള തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയേയും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളേയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് ബിജെപി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് ബിജെപി നേതാവും മുന്‍ കേന്ദമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് രാഹുലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ലജ്ജാവഹവും തികച്ചും നിരുത്തരവാദപരവുമാണെന്ന് അഭിപ്രായപ്പെട്ട രവി ശങ്കര്‍ പ്രസാദ്, രാഹുലിന്റെ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയാണ് അടിയന്തരാവസ്ഥയിലൂടെ ജനങ്ങളുടെ ജനാധിപത്യഅവകാശങ്ങള് അടിച്ചമര്‍ത്തിയതെന്ന് ആരോപിക്കുകയും ചെയ്തു.
"നിങ്ങളുടെ അഴിമതിയും ദുര്‍വൃത്തിയും പുറത്തറിയാതിരിക്കാന്‍ രാജ്യത്തെ ജനാധിപത്യസ്ഥാപനങ്ങളെ തരംതാഴ്ത്തിക്കാട്ടുന്നത് നിര്‍ത്തൂ... ജനങ്ങള്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകാത്തതിന് ഞങ്ങളെ എന്തിനാണ് കുറ്റപ്പെടുന്നത്. അടിയന്തരാവസ്ഥക്കാലത്താണ് ജനങ്ങള്‍ ഏകാധിപത്യത്തിന് സാക്ഷികളായത്. പ്രതിപക്ഷനേതാക്കളും മാധ്യമപ്രവര്‍ത്തകരും തടവിലാക്കപ്പെട്ടു. ന്യായാധിപന്മാരെ ഒതുക്കി, സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഭരണകൂടത്തിന്റെ താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന നീതിന്യായവ്യവസ്ഥയെ കുറിച്ച് ഇന്ദിരാ ഗാന്ധി സംസാരിക്കുകയും ചെയ്തിരുന്നു", രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ അസാധുവാക്കാന്‍ നീതിപീഠം തയ്യാറായില്ലെന്നും അങ്ങനെയുള്ള രാഹുലാണ് രാജ്യത്തെ ജനാധിപത്യസ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെയ്ത കുറ്റങ്ങളുടെ അനന്തരഫലം രാഹുല്‍ അനുഭവിക്കുമെന്നും ഇഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്നും വിചാരണ നേരിടേണ്ടി വരുമെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
നരേന്ദ്രമോദി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ അഴിമതിക്കെതിരേ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. അതിനാലാണ് സമാധാനവും സമചിത്തതയുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. വിവിധ പ്രതിപക്ഷ നേതാക്കള്‍ നിയമവിരുദ്ധമായി നേടിയെടുത്ത സ്വത്തുക്കള്‍ ഇ.ഡി പിടിച്ചെടുത്തതായും അദ്ദേഹം അവകാശപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..