ചെന്നൈ: ഒരു സംഘം കുരങ്ങുകള്‍ എടുത്ത് കൊണ്ടു പോയ നവജാതശിശുക്കളില്‍ ഒരാള്‍ മരിച്ചു. എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് കുരങ്ങുകള്‍ എടുത്തു കൊണ്ട് പോയത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.

വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കിയാണ് കുരങ്ങുകള്‍ അകത്ത് പ്രവേശിച്ചതെന്ന് കുഞ്ഞിന്റെ അമ്മ ഭുവനേശ്വരി അറിയിച്ചു. ഉറങ്ങിക്കിടന്ന രണ്ട് കുട്ടികളേയും കുരങ്ങുകള്‍ എടുത്തു കൊണ്ടു പോയിരുന്നു. കുരങ്ങുകളെ കണ്ട് പരിഭ്രമിച്ചു പോയ ഭുവനേശ്വരി അവ പോയ ശേഷമാണ് കുട്ടികളെ കാണാതായെന്ന കാര്യം അറിഞ്ഞത്. 

തുടര്‍ന്ന് ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ ഒരു കുഞ്ഞിനെ വീടിന്റെ മേല്‍ക്കൂരയില്‍ കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചിലില്‍ രണ്ടാമത്തെ കുഞ്ഞിനെ പരിസരത്തുള്ള ജലാശയത്തില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ സംഘം സ്ഥലത്തെത്തി പരിശോധിച്ച ശേഷം കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു.  

 

 

Content Highlights: Stolen by monkeys 8-day-old baby found dead in waterbody in Tamil Nadu