Nitish Kumar
പട്‌ന: ബിഹാറില്‍ ഭരണകക്ഷികളായ ബിജെപിയും ജെഡിയുവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു പരിധി വിടരുതെന്ന മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്തുവന്നു. പരിധി വിട്ടാല്‍ ബിഹാറിലെ 76 ലക്ഷത്തോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
പത്മശ്രീ പുരസ്‌കാരം സംബന്ധിച്ചാണ് സഖ്യത്തില്‍ പുതിയ തര്‍ക്കം പൊട്ടിപ്പുറപ്പെട്ടത്. ഫെയ്‌സ്ബുക്കില്‍ നീണ്ട പോസ്റ്റിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജെയ്‌സ്വാള്‍ ജെഡിയു നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയത്.
അശോക ചക്രവര്‍ത്തിയെ കുറിച്ചുള്ള പരാമര്‍ശം ചൂണ്ടിക്കാട്ടി പ്രശസ്ത നാടകകൃത്ത് ദയപ്രകാശ് സിന്‍ഹയ്ക്ക് നല്‍കിയ പദ്മശ്രീ പുരസ്‌കാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജെഡിയു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജനും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ഉപേന്ദ്ര കുശ്വാഹയും അടുത്തിടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ബിജെപി കേന്ദ്ര നേതാക്കളേയും സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജെയ്‌സ്വാളിനേയും ടാഗ് ചെയ്തുകൊണ്ടാണ് പത്മശ്രീ പുരസ്‌കാരം പിന്‍വലിക്കണമെന്ന ആവശ്യം ജെഡിയു നേതാക്കള്‍ ട്വിറ്ററിലൂടെ ഉയര്‍ത്തിയിരുന്നത്.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെ അശോക ചക്രവര്‍ത്തിയോട് ഉപമിച്ചതില്‍ ദയപ്രകാശ് സിന്‍ഹക്കെതിരെ ബിജെപി അധ്യക്ഷന്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സിന്‍ഹയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നതിന് പകരം ജെഡിയു നേതാക്കള്‍ എന്തുകൊണ്ടാണ് പുരസ്‌കാരം പിന്‍വലിക്കണമെന്ന് പറയുന്നതെന്ന് ജെയ്‌സ്വാള്‍ ചോദിച്ചു.
'എന്തിനാണ് ഈ നേതാക്കള്‍ എന്നെയും കേന്ദ്ര നേതൃത്വത്തെയും ടാഗ് ചെയ്ത് ചോദ്യം ചെയ്യുന്നത്? എല്ലാവരും സഖ്യത്തില്‍ അവരവരുടെ പരിധിയില്‍ നില്‍ക്കണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് ട്വീറ്റ് ഒന്നും വേണ്ട. ഇനി ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്താല്‍, ബിഹാറിലെ 76 ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ക്ക് ഉചിതമായ ഉത്തരം നല്‍കാന്‍ കഴിയും. ഭാവിയില്‍ നിങ്ങള്‍ ജാഗ്രത പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' ജയ്സ്വാള്‍ പോസ്റ്റ് ചെയ്തു.
പുരസ്‌കാരം പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നതിലും വലിയ അസംബന്ധം മറ്റൊന്നില്ല. മുഖ്യമന്ത്രിയുടെ വസതി 2005-ന് മുമ്പുള്ളതുപോലെ വീണ്ടും കൊലപാതകങ്ങളുടെയും തട്ടിക്കൊണ്ടുപോകലിന്റെയും കൊള്ളപ്പലിശയുടെയും കേന്ദ്രമായി മാറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരസ്‌കാരം പിന്‍വലിക്കണമെന്ന ഞങ്ങളുടെ ആവശ്യത്തില്‍ നിന്ന് ഒരടി പിറകോട്ട് പോകില്ലെന്ന് ജെഡിയു മറുപടിയും നല്‍കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..